
പാലക്കാട്: മുസ്ലിം ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിലെ പ്രസംഗം സിപഐഎമ്മിനെ ലക്ഷ്യമിട്ടെന്ന വ്യാഖ്യാനം നിഷേധിച്ച് പി കെ ശശി. പി കെ ശശിയുടെ പ്രസംഗം സിപിഐഎമ്മിനുള്ള മറുപടിയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. മണ്ണാർകാട്ടെ രാഷ്ട്രീയ സാമൂഹിക രംഗത്ത് താൻ ഇനിയും സജീവമായി ഉണ്ടാകുമെന്നും താൻ വരുന്നുവെന്ന് പറയുമ്പോൾ ആർക്കാണിത്ര ബേജാറ് എന്നുമായിരുന്നു യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ പങ്കെടുക്കവെ പി കെ ശശിയുടെ പ്രതികരണം. രാഷ്ട്രീയ എതിരാളികൾ ഭരിക്കുന്ന നഗരസഭ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെ ശശി നടത്തിയ പ്രതികരണം സിപിഐഎമ്മിനെതിരായ പരോക്ഷ പ്രതികരണമായാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.
ഇതിന് പിന്നാലെയാണ് പ്രസംഗം സിപിഐഎമ്മിന് എതിരെയല്ലെന്ന പ്രതികരണവുമായി പി കെ ശശി രംഗത്ത് വന്നത്. താൻ സിപിഐഎം പ്രവർത്തകൻ തന്നെയാണെന്നും കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യം അനാവശ്യമാണെന്നുമായിരുന്നു പി കെ ശശി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. താൻ പങ്കെടുത്തത് ഒരു ഔദ്യോഗിക പരിപാടിയിലാണ്. അതിൽനിന്ന് മാറിനിൽക്കുക എന്നത് ബുദ്ധിശൂന്യതയാണ്. സിപിഐഎം നേതാക്കളടക്കം വേദിയിലുണ്ടായിരുന്നു. ഒരു അഭ്യൂഹങ്ങൾക്കും അടിസ്ഥാനമില്ല എന്നും പി കെ ശശി വ്യക്തമാക്കി.
'കൊച്ചി പഴയ കൊച്ചിയല്ല, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാണ്' എന്ന സിനിമ സംഭാഷണവും നേരത്തെ മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ഉദ്ധരിച്ചിരുന്നു. ഇന്നലെകളിൽ എന്ന പോലെ ഇന്നും, വരാൻ പോകുന്ന നാളെകളിലും എന്റെ സജീവ സാന്നിധ്യം മണ്ണാർക്കാടുണ്ടാകും. ഞാൻ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ എന്തിനാണ് ഇത്ര ബേജാറ്? ഞാൻ ഒരു ചെറിയ മനുഷ്യനല്ലേ ഞാൻ. ഇങ്ങനെ ഭയപ്പെടേണ്ട കാര്യമെന്താണ്' എന്നായിരുന്നു ശശിയുടെ പ്രതികരണം.
പരിപാടിയിൽ സിപിഐഎം കൗൺസിലർമാരും പാർട്ടി ലോക്കൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. വെള്ള ഷർട്ട് ധരിച്ചുകൊണ്ടാണ് പി കെ ശശി പരിപാടിക്കെത്തിയത്. പരിപാടിയിൽ സംസാരിച്ച ഡിസിസി പ്രസിഡൻ്റ് വി കെ ശ്രീകണ്ഠൻ ശശിക്ക് വെള്ള ഷർട്ട് നന്നായി ചേരുന്നുണ്ടെന്ന അഭിപ്രായപ്രകടനം നടത്തിയിരുന്നു. പിന്നീട് സംസാരിച്ച എൻ ഷംസുദ്ദിൻ എംഎൽഎയും ശശിക്ക് വെള്ള ഷർട്ട് ചേരുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ശശി യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിൽ ശശി പങ്കെടുത്തതും യുഡിഎഫ് നേതാക്കൾ ഈ നിലയിൽ പ്രതികരിച്ചതുമെല്ലാം ശശിയുടെ കോൺഗ്രസ് പ്രവേശന ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. അച്ചടക്കനടപടികളെ തുടർന്ന് പി കെ ശശി സിപിഐഎമ്മുമായി സ്വരച്ചേർച്ചയിൽ അല്ലെന്ന സൂചനകൾക്കിടെയായിരുന്നു പി കെ ശശിയുടെ വിവാദ പ്രസംഗം.
Content Highlights: PK Sasi speech at mannarkad sparks controversy over party exit