

തിരുവനന്തപുരം: വീട്ടുപരിസരത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയ സംഘം പൊലീസ് പിടിയില്‍. വീട്ടുപരിസരത്തെ റോഡുകളില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകൾ കടത്തിക്കൊണ്ടുപോയി വില്‍പന നടത്തിയ പേരൂര്‍ക്കട കരകുളം സ്വദേശികളായ മുഖ്യപ്രതി വിശാഖ് മോഹനന്‍ (30) ഇയാളുടെ സഹായിയായ ആല്‍വിന്‍ മാത്യു (33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതുവരെ അഞ്ച് ഓട്ടോറിക്ഷകളാണ് പ്രതികള്‍ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ചത്. ഇതില്‍ രണ്ട് ഓട്ടോറിക്ഷകള്‍ പൊലിസ് കണ്ടെടുത്തു.
30,000 മുതല്‍ 50,000 രൂപ വരെ വാങ്ങിയാണ് മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ പ്രതികള്‍ വിറ്റിരുന്നത്. നഗരത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ സിസി പിടുത്തക്കാരനാണ് കേസിലെ ഒന്നാം പ്രതിയായ വിശാഖ് മോഹനന്‍. മാസ അടവ് മുടങ്ങിയ വാഹനങ്ങളുടെ ലോക്കുകള്‍ പൊട്ടിച്ചെടുത്ത് കമ്പനിയില്‍ എത്തിക്കാന്‍ ഇയാള്‍ക്ക് ധനകാര്യ സ്ഥാപനം പ്രത്യേക ഉപകരണം നല്‍കിയിരുന്നു. ഈ ഉപകരണം ദുരുപയോഗം ചെയ്താണ് പ്രതി ഓട്ടോറിക്ഷകളുടെ പൂട്ട് തകര്‍ത്തിരുന്നത്.
ഈ മാസം 7ന് പുലര്‍ച്ചെ വള്ളക്കടവ് സുലൈമാന്‍തെരുവ് സ്വദേശി അനസിന്റെയും 16ന് പുലര്‍ച്ചെ വലിയതുറ കറുപ്പായി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബീമാപളളി പത്തേക്കര്‍ സ്വദേശി ഷഫീറിന്റെയും ഓട്ടോറിക്ഷകള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയിരുന്നു. ഓട്ടോറിക്ഷകളെ വാഹനങ്ങള്‍ മറിച്ച് വില്‍ക്കുന്ന സംഘത്തിന് കൈമാറി പണം വാങ്ങുന്നതാണ് ഇയാളുടെ രീതി. ഇതിന് സഹായിച്ചിരുന്നത് കരകുളം സ്വദേശിയായ ആല്‍വിന്‍ മാത്യു ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Content Highlights: Police have arrested a gang accused of stealing autorickshaws parked near homes and selling the stolen vehicles