
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്.
പിണറായി വിദേശത്ത് പോയിരിക്കുകയാണെന്നും ഇവിടെ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കടത്ത്. യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ല. സോളാർ അടക്കമുള്ള ആരോപണങ്ങളും അമിത് ഷാ ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സർക്കാരിനെതിരെ ഇതുവരെ ഒരു ആരോപണവുമില്ല. ബിജെപി ഇല്ലാതെ കേരളത്തിൽ വികസിത കേരളം സാധ്യമാകില്ല. വിഴിഞ്ഞം പദ്ധതി നരേന്ദ്രമോദിയുടെ അക്കൗണ്ടിലാക്കിയ അമിത് ഷാ കേരളത്തിൽ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികൾ എണ്ണിപ്പറഞ്ഞു.
വന്ദേ ഭാരത് ട്രെയിനുകൾ വന്നതും കേന്ദ്രസർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കേരളത്തിലെ റെയിൽവെ മേഖലയിൽ വൻ വികസനമാണുണ്ടായതെന്നും മോദി വികസിത കേരളം സാക്ഷാത്കരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയെ സുരക്ഷിത രാജ്യമാക്കി നരേന്ദ്രമോദി മാറ്റി. രാജ്യം വൈകാതെ നക്‌സലിസത്തിൽ നിന്നും മോചിതമാകും.
കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. എൽഡിഎഫും യുഡിഎഫും മാറി വന്നിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണം. ഇന്ന് മുതൽ നവംബർ വരെയുള്ള സമയം ബിജെപിയുടെ വികസിത കേരള സ്വപ്നത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറാണോയെന്ന് അമിത് ഷാ അണികളോട് ചോദിച്ചു. കേരളത്തിലെ ഓരോ ബൂത്തുകളിലും ബിജെപി വളരുകയാണ്. ഭാരത് മാതാ മുദ്രാവാക്യം വിളിച്ച് കൊടുത്തുകൊണ്ടാണ് അമിത് ഷാ പ്രസംഗം നിർത്തിയത്.
Content Highlights: amit shah says bjp's future in kerala is safe