കോൺഗ്രസ് നേതാവായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജന്മദിനത്തിൽ അനുസ്മരണവുമായി ബിജെപി; ചടങ്ങുമായി കോൺഗ്രസും

ചേറ്റൂരിന് കോൺ​ഗ്രസ് അർഹിച്ച പരി​ഗണന നൽകിയില്ലെന്ന് കുറ്റപ്പെടുത്തി ബിജെപിയുടെ നേതൃത്വത്തിൽ നേരത്തെ ചേറ്റൂർ സ്മൃതിദിനം സംഘടിപ്പിച്ചിരുന്നു

dot image

പാലക്കാട്: ചേറ്റൂർ ശങ്കരൻ നായരുടെ ജന്മദിനത്തിൽ അനുസ്മരണ പരിപാടികളുമായി കോൺ​ഗ്രസും ബിജെപിയും. രാവിലെ 9:30ന് പാലക്കാട് ഡിസിസിയിലാണ് കോൺ​ഗ്രസ് അനുസ്മരണയോഗം നടത്തുന്നത്. രാവിലെ 10.30ന് പാലക്കാട് കോട്ടമൈതാനം അഞ്ചുവിളക്ക് ജംഗ്ഷനിലാണ് ബിജെപിയുടെ അനുസ്മരണ ചടങ്ങ്. കോൺ​ഗ്രസിൻ്റെ ചരിത്രത്തിലെ മലയാളിയായ ഏക ദേശീയ അധ്യക്ഷനാണ് ചേറ്റൂർ ശങ്കരൻ നായർ. ചേറ്റൂർ വിഷയത്തിൽ നേരത്തെയും കോൺ​ഗ്രസും ബിജെപിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ചേറ്റൂരിനെ കോൺ​ഗ്രസ് അവ​ഗണിച്ചുവെന്നും അർഹിച്ച പരി​ഗണന നൽകിയില്ലെന്നും കുറ്റപ്പെടുത്തി ബിജെപിയുടെ നേതൃത്വത്തിൽ നേരത്തെ ചേറ്റൂർ സ്മൃതിദിനം സംഘടിപ്പിച്ചിരുന്നു.

നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാം​ഗങ്ങളെ സന്ദ‍ർശിച്ചിരുന്നു. പാലക്കാടും ഒറ്റപ്പാലത്തുമുള്ള കുടുംബാംഗങ്ങളെയാണ് സുരേഷ് ഗോപി സന്ദർശിച്ചത്. ഇതിന് പിന്നാലെയാണ് ബിജെപി ചേറ്റൂർ വിഷയം ഏറ്റെടുക്കുന്നതും ചേറ്റൂരിന്റെ ഓർമ്മ ദിനമായ ഏപ്രിൽ 24ന് സ്മൃതിദിനം ആചരിക്കുന്നതും.

ഒരു സ്വാതന്ത്ര്യ സമര സേനാനിയെ നേടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു കോൺ​ഗ്രസിൻ്റെ കുറ്റപ്പെടുത്തൽ. ഗാന്ധിയൻ നയങ്ങളെ പൂർണ്ണമായും തള്ളിയയാളെന്നതിനാലാണ് ചേറ്റൂർ ശങ്കരൻ നായരെ കോൺഗ്രസ് അനുസ്മരിക്കാതിരുന്നതെന്ന നിലപാടുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തുവന്നിരുന്നു. എന്നാൽ ചേറ്റൂരിനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. ചേറ്റൂർ നാടിന്റെ ആത്മാഭിമാനമെന്നും ബിജെപി എന്ന് മുതലാണ് അദ്ദേഹത്തെ ഓർത്തു തുടങ്ങിയതെന്നുമായിരുന്നു അന്നത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം. എല്ലാവർഷവും കോൺഗ്രസ് ചേറ്റൂരിനെ സ്മരിക്കാറുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

Content Highlights- BJP commemorates the birth anniversary of former Congress leader Chettur Shankaran Nair

dot image
To advertise here,contact us
dot image