'വിവാദങ്ങളുടെ പേരിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത് രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല': വി ഡി സതീശന് വിമർശനം

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്

'വിവാദങ്ങളുടെ പേരിൽ പരിപാടിയിൽ നിന്ന് മാറി നിൽക്കുന്നത് രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല': വി ഡി സതീശന് വിമർശനം
dot image

തിരുവനന്തപുരം: ചെമ്പഴന്തിയിലെ ഗുരുജയന്തി സമ്മേളന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് രാഷ്ട്രീയ നേതാവിന് ചേര്‍ന്നല്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

വി ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് ആരോഗ്യ കാരണങ്ങളാല്‍ അല്ലെങ്കില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ രാഷ്ട്രീയക്കാരും ഗുരുവിനെയും ഗുരുദര്‍ശനത്തെയും ഉള്‍ക്കൊള്ളുന്നവരാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും പരിപാടിയില്‍ ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ വിവാദത്തിന്റെ പേരില്‍ ശിവഗിരിയുടെ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. ശിവഗിരി മഠം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി. ആരോഗ്യകാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു വി ഡി സതീശന്‍ ഗുരുകുലത്തെ അറിയിച്ചത്. എന്നാല്‍ എറണാകുളത്തെ പരിപാടികളികളില്‍ സതീശന്‍ പങ്കെടുത്തു. ഇതോടെയാണ് വിമര്‍ശനവുമായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് രംഗത്തെത്തിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ സാന്നിധ്യം മൂലമാണോ വി ഡി സതീശന്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വി ഡി സതീശനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതാണ് അതിന് കാരണം. അയ്യപ്പ സംഗമത്തിലേയ്ക്ക് ക്ഷണിക്കാന്‍ പി എസ് പ്രശാന്ത് വി ഡി സതീശനെ കാണാന്‍ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ വിവാദമായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് മനഃപൂര്‍വ്വം ഒഴിവാക്കിയെന്ന് ആരോപണം ഉയര്‍ന്നു. എന്നാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് പ്രശാന്ത് എത്തിയതെന്നായിരുന്നു സതീശന്‍ പറഞ്ഞത്. എന്നാല്‍ അനുമതി തേടിയ ശേഷമാണ് പ്രതിപക്ഷ നേതാവിനെ കാണാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പോയതെന്നായിരുന്നു ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്. ഇതിനിടെയാണ് പുതിയ വിവാദം.

Content Highlights- Sree narayana dharma sangham trust against v d satheesan

dot image
To advertise here,contact us
dot image