
കോഴിക്കോട്: ബിജെപി ഭാരവാഹി പട്ടിക ഗ്രൂപ്പ് സമ്മർദ്ദത്തിൽപ്പെട്ട് വൈകുന്നു. ഇന്നലെ പ്രഖ്യാപിച്ചേക്കും എന്ന് കരുതിയ പട്ടികയാണ് വൈകുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷത്തെ പൂർണമായും അവഗണിച്ചതായാണ് പരാതി. ശോഭ സുരേന്ദ്രൻ തിരിച്ചെത്തുന്നതിലും പാർട്ടിയിൽ അതൃപ്‌തി നിലനിൽക്കുകയാണ്. എം ടി രമേശ് ജനറൽ സെക്രട്ടറിയായി തുടരുന്നതിലും പാർട്ടിയിൽ എതിരഭിപ്രായമുണ്ട്.
നിലവിലെ ജനറൽ സെക്രട്ടറിമാരായ സി കൃഷ്ണകുമാറും പി സുധീറിനെയും മാറ്റുന്നതിലാണ് എതിർപ്പ് ശക്തമായിരിക്കുന്നത്. കെ സുരേന്ദ്രന്റെ നോമിനികളായി വന്ന ഇരുവരെയും ഒരുമിച്ച് മാറ്റിയാൽ കോർ കമ്മിറ്റിയിൽ കെ സുരേന്ദ്രൻ,വി മുരളീധരൻ പക്ഷത്തിന് പ്രാതിനിധ്യം കുറയും എന്നതാണ് ഒരു ആശങ്ക. ഇത് കൂടാതെ, മഹിളാ മോർച്ച, യുവമോർച്ച അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞടുപ്പിലും സുരേന്ദ്രൻ പക്ഷത്തെ പൂർണമായും അവഗണിക്കുന്നു എന്ന പരാതി ശക്തമാണ്. യുവമോർച്ച അധ്യക്ഷനാകാൻ സാധ്യതയുള്ള ശ്യാംരാജ്, സുരേന്ദ്രൻ പക്ഷത്തുനിന്നുള്ള നേതാവല്ല. മഹിളാ മോർച്ച അധ്യക്ഷയായി പരിഗണിക്കുന്ന നവ്യ ഹരിദാസ് പി കെ കൃഷ്ണദാസ് പക്ഷ നേതാവാണ്. ഇതോടെയാണ് പട്ടികയ്‌ക്കെതിരെ അതൃപ്തി ശക്തമായിരിക്കുന്നത്.
അതേസമയം, ഭാരവാഹി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും എന്നും സൂചനയുണ്ട്. ബിജെപിയുടെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തുകയാണ്.നാളെയാണ് ചടങ്ങ്. ഇതിന് മുൻപായിത്തന്നെ പട്ടിക പ്രഖ്യാപിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാൽ എതിർപ്പുകൾ ശക്തമായത് മൂലം ഈ നീക്കം നടക്കാതെ പോകുകയായിരുന്നു.
പത്ത് ഉപാധ്യക്ഷന്മാർ ഉൾപ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളാണ് പുതിയ പട്ടികയിൽ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവർ ജനറൽ സെക്രട്ടറിമാരായേക്കും എന്നാണ് സൂചന. രാജീവ് ചന്ദ്രശേഖറിന് സ്വീകാര്യനായ നേതാക്കന്മാരാണ് ഷോൺ ജോർജ്, എസ് സുരേഷ് എന്നിവർ. കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷ നേതാക്കളെ പൂർണമായും തഴയുന്ന തരത്തിലുള്ളതാണ് നിലവിലത്തെ സാധ്യതാ പട്ടിക. അങ്ങനെയെങ്കിൽ പ്രഖ്യാപനത്തിന് ശേഷം പാർട്ടിയിൽ വിവാദങ്ങൾക്കുള്ള സാധ്യതകളും കൂടുതലാണ്.
Content Highlights: BJP new office bearers list getting late because of group fight