
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ടോട്ടലുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്. ജേക്കബ് ബെഥലിന്റെയും ജോ റൂട്ടിന്റെയും സെഞ്ച്വറി മികവിൽ നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെടുത്തു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 400 റൺസെന്ന നേട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിന് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തു. ഓപണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. സ്മിത്ത് 62 റൺസും ഡക്കറ്റ് 31 റൺസും സംഭാവന ചെയ്തു. പിന്നാലെ ജേക്കബ് ബെഥലും ജോ റൂട്ടും ക്രീസിലൊന്നിച്ചതോടെ ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുകുതിച്ചു.
96 പന്തുകളിൽ ആറ് ഫോറുകളുടെ അകമ്പടിയോടെ 100 റൺസാണ് ജോ റൂട്ട് നേടിയത്. 82 പന്തിൽ 13 ഫോറും മൂന്ന് സിക്സറും സഹിതം 110 റൺസ് ജേക്കബ് ബെഥൽ അടിച്ചുകൂട്ടി. ബെഥലിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണിത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 182 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ ജോസ് ബട്ലറിന്റെയും വിൽ ജാക്സിന്റെയും വെടിക്കെട്ടും ഇംഗ്ലണ്ടിന് തുണയായി. 32 പന്തിൽ എട്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 62 റൺസാണ് ബട്ലർ നേടിയത്. എട്ട് പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 19 റൺസാണ് വിൽ ജാക്സിന്റെ സംഭാവന. ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ സംഭാവനയായി 27 എക്സ്ട്രാ റൺസും വിട്ടുനൽകി.
Content Highlights: Jacob Bethell Creates History, Joe Root scores Hundred, England post Mammoth total