സസ്‌പെൻഷനിൽ തന്നെയെന്ന് വി സി, അല്ലെന്നും ജോലിക്ക് വരുമെന്നും രജിസ്ട്രാർ; പോര് അസാധാരണ തലത്തിലേക്ക്

വിഷയത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമായേക്കും

dot image

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വി സി - രജിസ്ട്രാര്‍ തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നു. സസ്‌പെൻഷനിലായതിനാൽ കോളേജിലേക്ക് പ്രവേശിക്കരുതെന്ന് രജിസ്ട്രാര്‍ കെ എസ് അനിൽകുമാറിന് വി സി നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, അതിനെ അവഗണിച്ച് രജിസ്ട്രാര്‍ ജോലിക്കെത്തിയേക്കും. ഇതിനിടെ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള സർവകലാശാലയിൽ സുരക്ഷ കർശനമാക്കും.

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെയായിരുന്നു വൈസ് ചാൻസിലറുടെ നീക്കം. സസ്പെൻഷൻ തുടരുമെന്നും സർവകലാശാലയിൽ പ്രവേശിക്കരുതെന്നും ഡോ. കെ എസ് അനിൽകുമാറിന് വൈസ് ചാൻസിലർ നോട്ടീസ് നൽകിയിരുന്നു. ജൂലൈ ആറിന് വി സിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നും അനിൽകുമാറിന് വി സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ വൈസ് ചാൻസലറുടെ നിർദ്ദേശത്തെ പൂർണമായും തള്ളുകയാണ് ഡോ. കെ എസ് അനിൽകുമാർ ചെയ്തത്. ഹൈക്കോടതി ഉത്തരവുപ്രകാരം ചുമതലയിൽ തുടരുന്നതിന് തടസ്സമില്ല. പരാതികൾ ഉണ്ടെങ്കിൽ നിയമന അധികാരികളെ ബന്ധപ്പെടാം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. തന്റെ നിയമന അധികാരി സിൻഡിക്കേറ്റ് ആണെന്നും സിൻഡിക്കേറ്റ് തീരുമാനം വരെ ചുമതലയിൽ തുടരും എന്നുമായിരുന്നു വൈസ് ചാൻസിലർക്ക് അനിൽകുമാർ നൽകിയ മറുപടി. സിൻഡിക്കേറ്റിൻ്റെയും സർക്കാരിൻ്റെയും പിന്തുണയോടെയാണ് രജിസ്ട്രാറുടെ ഈ നീക്കം. വിഷയത്തിൽ ഇനി ഗവർണറുടെ നിലപാട് നിർണായകമായേക്കും.

ഡോ, കെ എസ് അനിൽകുമാർ

അതേസമയം ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ എസ്എഫ്ഐ ഒരുങ്ങുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ ഇന്ന് പഠിപ്പുമുടക്കും. രാജ്ഭവനിലേക്ക് മാർച്ചും ഉണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കേരള സർവകലാശാലയിലെ പ്രതിഷേധങ്ങൾക്ക് തുടർച്ചയെന്നോണം ഡിവൈഎഫ്ഐ ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് നടത്തും.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം ഉപയോഗിച്ചതാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവരികയായിരുന്നു.

ഇതിന് പിന്നാലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നിന്ന് താത്കാലിക വി സി സിസ തോമസ് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന സിന്‍ഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കെ എസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. പിന്നാലെ രജിസ്ട്രാറായി അനില്‍ കുമാര്‍ വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താല്‍ക്കാലിക വി സി സിസ തോമസ് പകരം രജിസ്ട്രാറായി മിനി കാപ്പനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് കെ എസ് അനില്‍ കുമാറും വൈസ് ചാന്‍സലര്‍ നിയോഗിച്ച മിനി കാപ്പനും സര്‍വകലാശാലയിലെത്തിയിരുന്നു.

Content Highlights: registrar and VC war enters new phase at kerala university

dot image
To advertise here,contact us
dot image