കീമിൽ സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല

dot image

കൊച്ചി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കിം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിൾ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

എന്‍ട്രന്‍സ് പരീക്ഷയുടെ സ്‌കോറും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കും 50:50 എന്ന അനുപാതത്തിലെടുത്താണ് കീം റാങ്ക് നിശ്ചയിക്കുന്നത്. പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി മാര്‍ക്കുകള്‍ 1:1:1 അനുപാതത്തില്‍ കണക്കാക്കുമെന്നാണ് ഫെബ്രുവരിയിലെ പ്രോസ്‌പെക്ടസില്‍ അറിയിച്ചിരുന്നത്. 2011 മുതല്‍ പിന്തുടര്‍ന്നിരുന്ന മാനദണ്ഡമായിരുന്നു ഇത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഭേദഗതിയിലൂടെ ഈ അനുപാതം 5:3:2 എന്നാക്കി.

വിവിധ ബോര്‍ഡുകളില്‍ പഠിച്ചവരുടെ മാര്‍ക്കുകള്‍ ഏകീകരിക്കുന്നതിലുള്ള ഫോര്‍മുലയിലും മാറ്റം വരുത്തി. ഈ മാറ്റങ്ങള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലവും സിബിഎസ്ഇ, ഐഎസ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതികൂലവുമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ മാറ്റത്തെ അനുകൂലിച്ച് കക്ഷി ചേര്‍ന്നെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.

Content Highlights- HC division bench reject appeal of government on keam rank list

dot image
To advertise here,contact us
dot image