
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശം തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കളി തുടങ്ങിയാല്‍ നിയമം മാറ്റാന്‍ ആവില്ലെന്ന സിംഗിള്‍ ബെഞ്ച് പരാമര്‍ശമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. സാഹചര്യം വ്യത്യസ്തമെന്നും അക്കാദമിക് വിഷയത്തെ സര്‍വീസ് വിഷയം പോലെ പരിഗണിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമർശം.
പഴയ ഫോര്‍മുല ഉപയോഗിച്ചാല്‍ ആദ്യ പത്തില്‍ സംസ്ഥാന സിലബസ് പഠിച്ച ആരും ഉണ്ടാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. കീം റാങ്ക് പട്ടികയിലെ ആദ്യ നൂറില്‍ 86 പേരും സിബിഎസ്ഇ സിലബസ് പഠിച്ചവര്‍ ഉള്‍പ്പെടും. പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്താന്‍ വ്യവസ്ഥയുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സിലബസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അസമത്വം അവസാനിപ്പിക്കാനാണ് പ്രോസ്‌പെക്റ്റസില്‍ മാറ്റം വരുത്തിയത്. ഓഗസ്റ്റ് 14നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം.
മാര്‍ക്ക് ഏകീകരണം സംബന്ധിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഹാജരാകണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് ഇതുവരെ പരസ്യപെടുത്തിയിട്ടില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.
Content Highlights: Highcourt division bench against single bench on Keam result controversy