പയ്യനാമണ്‍ ചെങ്കളത്ത് ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു

രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ ക്വാറിയില്‍ പ്രവേശിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്

dot image

പത്തനംതിട്ട: അപകടത്തെ തുടര്‍ന്ന് പയ്യനാമണ്‍ ചെങ്കളത്ത് ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടയിലെ ദുരന്ത സാധ്യത ഒഴിവാക്കാനാണ് നിരോധനം. ഖനന, ഖനന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതായി കളക്ടര്‍ ഉത്തരവിറക്കി. രക്ഷാപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ ക്വാറിയില്‍ പ്രവേശിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

അപകടമുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴ് മണിക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതിനിടെ അപകട സ്ഥലത്ത് കൂറ്റന്‍ പാറക്കല്ലുകള്‍ വീണ്ടും ഇടിഞ്ഞുവീണിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ നിന്ന സ്ഥലത്തിന് സമീപമാണ് പാറക്കല്ലുകള്‍ ഇടിഞ്ഞുവീണത്.

ഉടനടി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. പാറക്കല്ലുകള്‍ ഇടിഞ്ഞു വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. അതേസമയം അപകടത്തില്‍പ്പെട്ട ഒരു അതിഥി തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മറ്റൊരാളുടെ മൃതദേഹത്തിനായുള്ള തിരച്ചിലായിരുന്നു പുരോഗമിച്ച് കൊണ്ടിരുന്നത്.

വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടാമത്തേയാള്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു. പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടിയിലായിരുന്നു അപകടം.

Content Highlights: Pathanamthitta quarry accident collector banned mining

dot image
To advertise here,contact us
dot image