
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്.
'ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍' വഴി അഞ്ച് ലക്ഷം ബിന്ദുവിന്റെ കുടുംബത്തിന് നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നത്. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ടറിന്റെ സാന്നിധ്യത്തില്‍ വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.
അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.
Content Highlights: chandy oommen, congress, vd satheesan, latest news, kottayam medical college, veena george