ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ; താത്ക്കാലിക ധനസഹായം കൈമാറി; മകളുടെ ചികിത്സാ കാര്യത്തിലും ഉറപ്പ്

മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും ഉണ്ടായിരുന്നു

dot image

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായ അന്‍പതിനായിരം രൂപയുടെ ചെക്ക് കൈമാറി. മകളുടെ ചികിത്സാ കാര്യത്തിലും മന്ത്രി ഉറപ്പു നല്‍കി. മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും ഉണ്ടായിരുന്നു. ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മകന് താത്ക്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിയുടെ കാര്യം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനെതിരായ പ്രചാരണം ശരിയല്ല. അദ്ദേഹത്തിനെതിരായ മോശം പ്രചാരണം അത് നടത്തുന്ന സംഘടനകളുടെ രീതിയായിരിക്കും. വലിയ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ആളാണ് ഡോ. ജയകുമാറെന്നും മന്ത്രി പറഞ്ഞു.

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങില്‍ മന്ത്രിമാര്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ടും മന്ത്രി പറഞ്ഞു. ചിലര്‍ ചെയ്യുന്നത് പോലെ ഷോ കാണിക്കേണ്ട സ്ഥലമല്ല അത്. അക്കാരണം കൊണ്ടാണ് മന്ത്രിമാര്‍ പൊതുദര്‍ശനത്തിന് വരാത്തത്. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിടുന്നത് വരെ താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദാരുണമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങ് തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ നടന്നു. ഉറ്റവരും സമീപവാസികളും അടക്കം നിരവധി പേരാണ് ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ അടക്കം വീട്ടില്‍ എത്തി ബിന്ദുവിന് അന്തിമോപചാരം അര്‍പ്പിച്ചു. തലയോട്ടി പൊട്ടിയാണ് ബിന്ദുവിന്റെ മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും ആണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറി.

Content Highlights- Minister v n vasavan visited home of bindu who died an accident in kottayam medical college

dot image
To advertise here,contact us
dot image