കുന്നംകുളം പൊലീസ് മർദ്ദനം: അറിഞ്ഞപ്പോൾ മനസുകൊണ്ട് തളർന്നുപോയി; നിയമപോരാട്ടം കോൺഗ്രസ് ഏറ്റെടുക്കും: കെ സുധാകരൻ

സുജിത്ത് എങ്ങനെ പിടിച്ചുനിന്നു എന്നതില്‍ അത്ഭുതം തോന്നുന്നുവെന്ന് കെ സുധാകരൻ

കുന്നംകുളം പൊലീസ് മർദ്ദനം: അറിഞ്ഞപ്പോൾ മനസുകൊണ്ട് തളർന്നുപോയി; നിയമപോരാട്ടം കോൺഗ്രസ് ഏറ്റെടുക്കും: കെ സുധാകരൻ
dot image

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സംഭവം അറിഞ്ഞപ്പോള്‍ മനസുകൊണ്ട് തളര്‍ന്നുപോയെന്ന് സുധാകരന്‍ പറഞ്ഞു. മുന്‍പ് എത്രയോ മര്‍ദ്ദനം താന്‍ കണ്ടിട്ടുണ്ട്. സുജിത്ത് എങ്ങനെ പിടിച്ചുനിന്നു എന്നതില്‍ അത്ഭുതം തോന്നുന്നു. സുജിത്തിനെ കൈകൊണ്ട് ഇടിക്കുന്നത് ഇപ്പോഴും കണ്‍മുന്നിലുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

നാട്ടിലെ നിയമസംവിധാനം തകര്‍ന്നിരിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. സുജിത്തിനെതിരായ അതിക്രമത്തില്‍ നിയമപോരാട്ടം കോണ്‍ഗ്രസ് ഏറ്റെടുക്കും. സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി ഒരു കാര്യത്തിലും പ്രതികരിക്കുന്നില്ലെന്നും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു. കുറ്റം ചെയ്ത പൊലീസുകാരെ പിരിച്ചുവിടണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സംഭവം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു. കേരളത്തിലേത് ജനമൈത്രി പൊലീസല്ല, കൊലമൈത്രി പൊലീസാണ്. കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്ന് അറിയിക്കുന്ന സംഭവമാണിത്. ഇത് പൂഴ്ത്തിവെയ്ക്കാന്‍ സര്‍ക്കാരും പൊലീസും പരമാവധി ശ്രമിച്ചു. അന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതില്‍ പ്രതികളാണെന്നാണ് തന്റെ അഭിപ്രായം. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വായ തുറക്കണം. കേരളത്തിലെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. സ്വന്തം ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലി ചതച്ചപ്പോള്‍ സംരക്ഷിച്ച മുഖ്യമന്ത്രിയാണ്. കേരളത്തിലെ പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയതിന്റെ കാരണഭൂതനായാണ് പിണറായി അറിയപ്പെടുകയെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനിറ്റോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു. പൊലീസ് മര്‍ദ്ദനത്തില്‍ സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടപ്പെടതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് നല്‍കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു സുജിത്തിന് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇത് പുറത്തുവന്നതോടെയാണ് സംഭവം ചര്‍ച്ചയായത്. സുജിത്തിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്ഡ് ചെയ്തിരിക്കുകയാണ്.

Content Highlights- Congress leader K Sudhakaran on kunnamkulam police station atrocity case

dot image
To advertise here,contact us
dot image