
കൊച്ചി: ഡാര്‍ക്‌നൈറ്റിന്റെ മറവില്‍ ലഹരിമരുന്ന്-ക്രിപ്‌റ്റോകറന്‍സി ഇടപാട് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ സിന്‍ഡിക്കേറ്റിനെ പൂട്ടി നാഷണല്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). 'ഓപ്പറേഷന്‍ മെലനി'ലാണ് വന്‍ ലഹരിമരുന്ന് സംഘത്തെ കുടുക്കിയത്. എന്‍സിബിയുടെ കൊച്ചി സോണല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്. ഏകദേശം 35.12 ലക്ഷം രൂപ വിലയുള്ള ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
1,127 എല്‍സ്ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ലഹരിമരുന്ന് സംഘത്തില്‍ നിന്ന് എന്‍സിബി പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്‌നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്ന് എന്‍സിബി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എല്‍എസ്ഡി വില്‍പനക്കാരനായ ഡോ. സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വെണ്ടര്‍ ഗുംഗ ദിനി'ല്‍ നിന്നാണ് 'കെറ്റാമെലന്‍' എന്ന ഈ സംഘം പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നാണ് എന്‍സിബി കണ്ടെത്തല്‍. സംഘത്തിലെ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന 'കെറ്റാമെലന്‍' എന്ന ലഹരിമരുന്ന് സംഘത്തിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്‌ന, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍.
കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ് ഡാര്‍ക്‌നെറ്റ് വഴി സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 'കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം' അടങ്ങിയ പെന്‍ഡ്രൈവും ഒന്നിലധികം ക്രിപ്‌റ്റോകറന്‍സി വാലറ്റുകള്‍, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവയും എന്‍സിബി ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്‌സലുകളില്‍ നിന്നാണ് ഇവര്‍ക്കെതിരെ സംശയം ഉയര്‍ന്നത്. ഈ പാഴ്‌സലില്‍ 280 എല്‍എസ്ഡി സ്റ്റാംപുകള്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ പാഴ്‌സലുകള്‍ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാംപുകളും പിടിച്ചെടുക്കുകയായിരുന്നു. 2023ല്‍ എന്‍സിബി അന്നത്തെ ഏറ്റവും വലിയ ഡാര്‍ക്‌നെറ്റ് അധിഷ്ഠിത എല്‍എസ്ഡി കാര്‍ട്ടലായ 'സാംബഡ'യെ എന്‍സിബി പിടികൂടിയിരുന്നു.
Content Highlights: NCB busts biggest mafia syndicate in Kochi