
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കനത്ത മഴ കനക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാന് മുകളില്‍ നിലനില്‍ക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദവും തെക്കുപടിഞ്ഞാറന്‍ ബിഹാറിനും കിഴക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദവുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടാന്‍ കാരണം. വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് വിവരം.
കാസര്‍കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയിട്ടുണ്ടെന്നും പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും ചെയ്തിട്ടുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്നും കളക്ടര്‍ ഇന്‍ബശേഖര്‍ കെ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുളള സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമായിരിക്കും.
വയനാട് ജില്ലയില്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ മേഘശ്രീ ഡി ആര്‍ അറിയിച്ചു. ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനമുണ്ട്. എന്‍ ഊര് പൈതൃക ഗ്രാമത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി എന്‍ഡിആര്‍എഫ് സംഘം ജില്ലയിലെത്തിയിട്ടുണ്ട്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികൾ, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Content Highlights: Red alert for Kannur and Kasaragod: Holiday for educational institutions in five districts tomorrow