
കോഴിക്കോട്: എടിഎമ്മില്‍ നിന്ന് പണമെടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമോതിരവുമായി കടന്നു കളഞ്ഞയാളെ പിടികൂടി. തിരുവനന്തപുരം സ്വദേശിയായ സുലൈമാനാണ് പിടിയിലായത്. നിലവില്‍ ഇയാള്‍ താമരശ്ശേരിയില്‍ താമസിച്ച് വരികയായിരുന്നു. പന്തീരാങ്കാവ് സ്ഥിതി ചെയ്യുന്ന ചൈത്രം ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ മോതിരം വാങ്ങി കടന്നു കളഞ്ഞത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. സ്വര്‍ണം വാങ്ങാനെന്ന പേരില്‍ ജ്വല്ലറിയിലെത്തിയ പ്രതി അഡ്വാന്‍സായി കുറച്ച് പണം നല്‍കിയിരുന്നു. പിന്നാലെ മോതിരത്തില്‍ പേരെഴുതി നല്‍കണമെന്ന് പറഞ്ഞു. മോതിരം കൈമാറവെയാണ് തന്റെ കൈവശം പണമില്ലായെന്ന് പറഞ്ഞ് മോതിരവുമായി എടിഎമ്മിലേക്ക് പണം എടുക്കാനെന്ന വ്യാജേന ഇയാൾ കടന്നുകളഞ്ഞത്. പിന്നാലെ ഇയാള്‍ ഈ മോതിരം മറ്റൊരു കടയില്‍ കൊണ്ടുപോയി വിറ്റു. സമാനമായ ഒമ്പത് കേസ് ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.
പന്തീരാങ്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ സുനീറും സംഘവും തലശ്ശേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വിറ്റ മോതിരം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ പൊലീസ് റിമാന്‍ഡ് ചെയ്തു.
Content Highlights- Man who said he would withdraw money from ATM absconds with gold ring from jeweler