
തിരുവനന്തപുരം: സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ടെന്നും വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ സമയമാറ്റത്തെയും സമസ്ത പ്രസിഡന്റ് വിമര്‍ശിച്ചു. മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമസ്ത ചരിത്രം: ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിള്‍ ബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമസ്തയെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടിച്ചേര്‍ത്തു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തയ്ക്ക് കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് കഴിയില്ലെന്നും ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും പിഡിപിയുടെയും പിന്തുണയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടി നിലമ്പൂരില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതരാഷ്ട്രവാദം അടക്കം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി മതേതരവാദം ഉയര്‍ത്തിപ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. യുഡിഎഫിനെതിരെ നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് രംഗത്തെത്തിയിരുന്നു. ചേരേണ്ടവര്‍ തന്നെയാണ് ചേരുക എന്നായിരുന്നു ഇതിനോട് എം സ്വരാജ് പ്രതികരിച്ചത്. പിഡിപിയുടെ എല്‍ഡിഎഫ് പിന്തുണയാണ് ഇതിനെതിരെ യുഡിഎഫ് ചൂണ്ടിക്കാട്ടിയത്.
Content Highlights: Jifri Muthukoya Thangal says there is no case against Samastha