'സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്'; തെന്നലയെ അനുസ്മരിച്ച് മുഖ്യമന്ത്രി

സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് തെന്നല ബാലകൃഷ്ണപ്പിള്ളയെ നയിച്ചതെന്ന് മുഖ്യമന്ത്രി

'സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്'; തെന്നലയെ അനുസ്മരിച്ച് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിരവധി പതിറ്റാണ്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായി ഉയര്‍ന്ന് നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വാര്‍ഡ് പ്രസിഡന്റ് മുതല്‍ കെപിസിസി പ്രസിഡന്റ് വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്. സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നല്‍കപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാക്കിയത്', മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലും രാജ്യസഭയിലും ഏറെ വര്‍ഷങ്ങള്‍ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'സഹകാരി എന്ന നിലയില്‍ കേരളത്തിന്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവന ഗണ്യമാണ്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അതീതമായി പൊതു താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു', മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlights: CM Pinarayi Vijayan condolences Thennala Balakrishnappillai

dot image
To advertise here,contact us
dot image