
നിലമ്പൂര്‍: നിലമ്പൂരില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. സ്വരാജുമായി ബന്ധപ്പെട്ട് അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളാണ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്ക് താഴെ സ്വരാജിന് അഭിവാദ്യമര്‍പ്പിച്ചുള്ള കമന്റുകള്‍ നിറയുകയാണ്.
2020 ഓഗസ്റ്റ് ഒന്നിന് സ്വരാജിന് പിന്തുണ നല്‍കികൊണ്ട് അന്‍വര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 'നിങ്ങളുടെ വിരട്ടലിന് വേറെ ആളെ നോക്കണം. നിങ്ങള്‍ കുറെ ആയിട്ട് വിരട്ടിയും ഭീഷണിപ്പെടുത്തിയും ആളുകളെ വരുതിയിലാക്കാന്‍ നോക്കുന്നുണ്ട്. ഇത് വേറെ പാര്‍ട്ടിയാണ് കേട്ടോ. അത് കയ്യില്‍ വച്ചാല്‍ മതി' എന്നായിരുന്നു 'നേരിനൊപ്പം സ്വരാജിനൊപ്പം' എന്ന ക്യാപ്ഷനോടെയുള്ള സ്വരാജിന്റെ ചിത്രം പങ്കുവെച്ച് അന്‍വറിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ, സ്വരാജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കമന്റുകള്‍ നിറഞ്ഞു. അന്‍വറിന്റെ പഴയ സ്വരാജ് പോസ്റ്റില്‍ ഇന്ന് ആദ്യമായി പുതിയ സ്വരാജ് കമന്റ് പ്രത്യക്ഷപ്പെട്ടത് 3.45 ന്. 'നിലമ്പൂരില്‍ സ്വരാജ്' എന്നായിരുന്നു ആ കമന്റ്. 'നേരിനൊപ്പം, സ്വരാജിനൊപ്പം', 'എല്‍ഡിഎഫ് തുടരും', 'നിലമ്പൂര്‍ വളരും', 'ആര്‍ജവമുള്ള ശബ്ദം, നിലമ്പൂര്‍ സ്വരാജ് ജയിക്കണം', 'നിലമ്പൂര്‍ തുടരും, എം സ്വരാജ്' തുടങ്ങി സ്വരാജ് അനുകൂല കമന്റുകളുടെ പെരുമഴയാണ്.
2018 ജനുവരിയിലും സ്വരാജിനെ പിന്തുണച്ച് അന്‍വര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് താഴെയും സമാനമായാണ് കമന്റുകള്‍ നിറയുന്നത്. ജന്മനാട്ടില്‍ എം സ്വരാജ് വരുന്നുവെന്നാണ് പലരും കമൻ്റ് ചെയ്തത്. 2023 ല്‍ പലസ്തീന് നേരെ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തിനെതിരെ സ്വരാജ് പ്രതികരിച്ചിരുന്നു. അന്ന് സ്വരാജിന്റെയും വി ടി ബല്‍റാമിന്റേയും നിലപാടുകള്‍ താരതമ്യം ചെയ്ത് അന്‍വര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സ്വരാജിനെ പിന്തുണച്ചുള്ള അന്‍വറിന്റെ ആ പോസ്റ്റും സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിട്ടുണ്ട്. 'സഖാവ് സ്വരാജ് നിലപാടുള്ള പോരാളി', 'അന്‍വറിന്റെ പഴയ പോസ്റ്റുകള്‍ മാത്രം മതി സ്വരാജിനെ അറിയാന്‍', 'നിലമ്പൂരില്‍ സ്വരാജ് ഉറപ്പായും' എന്ന് തുടങ്ങി അന്‍വറിന്റെ സ്വരാജ് പോസ്റ്റുകള്‍ക്ക് താഴെയെല്ലാം 'സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചുള്ള കമന്റുകള്‍' കുതിച്ചൊഴുകയാണ്.
നിലമ്പൂരില്‍ മത്സരത്തിന് ശക്തനായ നേതാവായ എം സ്വരാജ് എത്താന്‍ അന്‍വര്‍ കൂടി കാരണക്കാരാനായെന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന അന്‍വറിനെ കോണ്‍ഗ്രസ് അടുപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്. അന്‍വര്‍ മത്സരരംഗത്തേയ്ക്ക് വന്നാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Content Highlights- P V Anvar's m swaraj fb post again viral in social media