
കൊല്ലം: കൊല്ലം പുനലൂരിലെ കുതിരച്ചിറയില്‍ വീടുപണിക്കിടെ രണ്ടാം നിലയില്‍ നിന്നും കാല്‍വഴുതി വീണ തൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയ കരാറുകാരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൊഴിലാളിയായ ശങ്കറാണ് കരാറുകാരന്‍ ഗണേഷിന്റെ തക്കസമയത്തെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഒരു നിമിഷത്തെ ഇടപെടലില്‍ ജീവന്‍ തിരികെ കിട്ടിയതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് ശങ്കര്‍. സുഹൃത്ത് കൂടിയായ ഗണേഷിനോട് ' നീ എന്റെ ദൈവമാണ്' എന്നായിരുന്നു രക്ഷപ്പെട്ടതിന് പിന്നാലെ ആദ്യം പറഞ്ഞതെന്ന് ശങ്കര്‍ ഓര്‍ക്കുന്നു.
'രണ്ടാമത്തെ നിലയില്‍ നിന്നാണ് വിണത്. ഏറ്റവും താഴെയായിരുന്നു ഗണേഷ്. 20 വര്‍ഷമായി ഒരുമിച്ച് ഇതേ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ കാല്‍ വഴുതി വീഴുകയായിരുന്നു. വീണപ്പോള്‍ പേടിച്ചുപോയി. അയ്യോയെന്ന് പറഞ്ഞ് വിളിച്ചാണ് താഴേക്ക് വീണത്. കോണ്‍ഗ്രീറ്റിന് താങ്ങ് കൊടുത്ത മുട്ട് ഇളക്കിക്കൊണ്ടിരിക്കെ കയ്യില്‍ നിന്നും വഴുതിപോവുകയായിരുന്നു. 20 വര്‍ഷമായി ശങ്കറും ഞാനും ഒരുമിച്ചാണ്. ഒരു വീടുപോലെ കഴിയുന്നവരാണ്. കൂട്ടുകാരാണ്', എന്നും ശങ്കര്‍ പറയുന്നു.
ജീവിതത്തില്‍ ആദ്യമായാണ് ഇത്തരം അനുഭവമെന്നും നീ എന്റെ ദൈവമാണെന്നാണ് ശങ്കര്‍ രക്ഷപ്പെട്ടതിന് പിന്നാലെ പറഞ്ഞതെന്നും ഇത് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗണേശന്‍ പറയുന്നു.
'സംഭവ സമയത്ത് മഴയില്ലായിരുന്നു. വീഴുന്നത് കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. രണ്ടുംകല്‍പ്പിച്ച് പിടിക്കുകയായിരുന്നു. കാര്യമായ പരിക്ക് രണ്ട്‌പേര്‍ക്കുമില്ല. ഭാരം എടുക്കാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. അതൊക്കെ മറന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവം', എന്നും ഗണേശന്‍ പറഞ്ഞു.
ബുധനാഴ്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് പുറത്തറിയുന്നത്.
Content Highlights: kollam punalur Contractor save employee life reaction