
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും തിയേറ്ററിലെ മികച്ച പ്രതികരണത്തിന് ശേഷം ഒടിടി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരുപോലെ കയ്യടി നേടിയ ഒന്നായിരുന്നു മമ്മൂട്ടിയുടെ 'ജോണി വാക്കർ' സിനിമയിലെ 'ശാന്തമീ രാത്രിയിൽ' എന്ന ഗാനത്തിന്റെ പുനരവതരണം. ഒറിജിനല്‍ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് മോഹൻലാൽ അനുകരിച്ചതായിരുന്നു ഈ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണം. ഇപ്പോൾ ഈ രംഗങ്ങളുടെ ബിടിഎസ് പുറത്തുവിട്ടിരിക്കുകയാണ് തുടരും ടീം.
തുടരും എന്ന ചിത്രത്തിലെ നിർണായകരംഗത്തുവരുന്ന ഗാനമാണിത്. ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ അവതരണം. മോഹൻലാലിനൊപ്പം പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ തുടങ്ങിയവരും ഈ രംഗത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജേക്സ് ബിജോയ് ആണ് ഗാനം റീ-അറേഞ്ച് ചെയ്തിരിക്കുന്നത്. അരവിന്ദ് ദിലീപ് നായരാണ് ഗാനം ആലപിച്ചത്.
ജോണിവാക്കറിലെ ഈ ഗാനത്തിന്റെ വരികൾ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. സംഗീതം എസ് പി വെങ്കിടേഷ്. യേശുദാസാണ് ആലാപനം. ജയരാജ് ആണ് ജോണി വാക്കർ സംവിധാനം ചെയ്തത്.
അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.
Content Highlights: Thudarum Movie Shanthamee Rathriyil Song BTS Out