യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ പരാമർശം അൻവർ പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പറാക്കും: അടൂർ പ്രകാശ്

അൻവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു

dot image

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചാൽ പി വി അൻവറിനെ അസോസിയേറ്റ് മെമ്പറായി കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അദ്ദേഹത്തിന്റ പരാമർശങ്ങൾ ശരിയായില്ല. പിൻവലിക്കണം. അൻവറിൻ്റെ ആവശ്യങ്ങൾ കേട്ടുവെന്നും ഫോണിൽ വിളിച്ച് തീരുമാനം അറിയിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അൻവർ യുഡിഎഫിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. തുടർന്നുള്ള നാളുകളിൽ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന് അൻവറിനോട് ആവശ്യപ്പെട്ടു. അതിനനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നതെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി. ഇന്ന് ബൂത്തുതല യോഗങ്ങൾ നടന്നു. ഇനിയുള്ള ദിവസങ്ങളിൽ പാളിച്ചകളുണ്ടാകാതെയുള്ള പ്രവർത്തനങ്ങൾക്കായി മുന്നോട്ട് പോകും. റിസൾട്ട് വരുമ്പോൾ യുഡിഎഫിന് അനുകൂലമായ വിധിയുണ്ടാകും. മികച്ച ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

അതേസമയം, പി വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ സമവായനീക്കം പാളുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അസോസിയേറ്റ് ഘടകകക്ഷി ആക്കാനുള്ള യുഡിഎഫ് തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് അൻവർ. ഘടകകക്ഷിയായിതന്നെ മുന്നണി പ്രവേശനമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നതാണ് അൻവറിന്റെ തീരുമാനം.

രാവിലെ ടിഎംസി പ്രവർത്തകസമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അസോസിയേറ്റ് ഘടടകക്ഷിയാക്കാനുളള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അസോസിയേറ്റ് അംഗമാക്കാനുളള യുഡിഎഫ് തീരുമാനത്തോടുള്ള നിലപാട് നാളെ അൻവർ വാർത്താസമ്മേളനത്തിൽ അറിയിക്കുമെന്നാണ് വിവരം.

നേരത്തെയും യുഡിഎഫ് യോഗത്തിൽ തന്നെ അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും അസോസിയേറ്റ് ഘടകക്ഷിയാക്കാൻ തീരുമാനമെടുത്തിരുന്നു. തീരുമാനം പ്രഖ്യാപിക്കാൻ യുഡിഎഫ് ചെയർമാൻ വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. തുടർന്ന് വി ഡി സതീശനും പി വി അൻവറും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അന്ന് രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. എന്നാൽ പ്രഖ്യാപനം നടത്താതെ സതീശൻ വഞ്ചിച്ചുവെന്നായിരുന്നു അൻവറിന്റെ ആരോപണം.

ഘടകകക്ഷിയാക്കിയാൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്ന അൻവാറിന്റെ നിലപാടും ഷൗക്കത്തിനെതിരായ പരാമർശം പിൻവലിച്ചാൽ അസോസിയേറ്റ് മെമ്പറാക്കാമെന്ന യുഡിഎഫ് തീരുമാനവും വരുമ്പോൾ നിലമ്പൂർ തിരഞ്ഞെടുപ്പിൽ ഇനി എന്തൊക്കെ സസ്പെൻസുകളാവും വരാനിരിക്കുന്നതെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

Content Highlights: Adoor Prakash says udf will make Anwar as associate member if he withdraws remarks against aryadan shoukath

dot image
To advertise here,contact us
dot image