
മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍. വ്യക്തിപരമായ സന്ദര്‍ശനമാണുണ്ടായതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയോട് പറയാനുള്ളത് പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.
'പൊളിറ്റിക്കല്‍ വിഷയത്തില്‍ തുടക്കം മുതലേ അദ്ദേഹത്തോടാണ് സംസാരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തിപരമായി ഞാനുമെടുത്ത നിലപാടിലും സൗഹാദര്‍മായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് ലീഗ്. ഇപ്പോഴുണ്ടായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോട് പറയുകയെന്നത് ധാര്‍മിക ഉത്തരവാദിത്തമാണ്', അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടിയും തങ്ങള്‍ കുടുംബവും കുഞ്ഞാലിക്കുട്ടിയും താനെടുത്ത പൊളിറ്റിക്കല്‍ നിലപാടിനോട് പോസിറ്റീവായാണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുഞ്ഞാലിക്കുട്ടി തന്ന പിന്തുണക്ക് എന്നും കടപ്പാടുണ്ട്. സ്‌നേഹവും താല്‍പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അറിയാം. രാഷ്ട്രീയകാര്യങ്ങള്‍ കൃത്യമായി ഗണിക്കുന്നയാളാണ്', അന്‍വര്‍ പറഞ്ഞു.
കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്നും അവര് തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നുണ്ടല്ലോയെന്നും അന്‍വര്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഉത്തരവാദിത്തപ്പെട്ടവരാരും ഇതുവരെ കാര്യങ്ങള്‍ അന്വേഷിച്ച് വിളിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇനി എന്ത് ഭാഗമാകാനാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും സ്വന്തം കാലില്‍ ആണ് നില്‍ക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യവും പിന്തുണയുടെ കാര്യവും പിന്നീട് പറയാമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Nilambur By Election P V Anvar reaction after visit P K Kunhalikkutty