ആര്യാടൻ ഷൗക്കത്ത് മികച്ച സ്ഥാനാർത്ഥി; അൻവറിൻ്റെ പ്രതികരണങ്ങൾ പ്രയാസമുണ്ടാക്കി; വി എസ് ജോയ് റിപ്പോർട്ടറിനോട്

'നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ വലിയ പോരാട്ടം. അതിന് അൻവറിന്റെ പിന്തുണ വേണം'

dot image

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ത്ഥിയെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. തങ്ങളുടെ ഗുരുതുല്യനായ നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ പ്രിയപ്പെട്ട പുത്രനാണ് ആര്യാടന്‍ ഷൗക്കത്ത്. മികവിന്റെ അടിസ്ഥാനത്തിലാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഏറ്റവും മികച്ച വിജയം നേടാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി എസ് ജോയ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നത്. സ്ഥാനാര്‍ത്ഥി ആരായാലും കോണ്‍ഗ്രസിനുള്ളല്‍ അപസ്വരമോ ഭിന്നതയോ ഉണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും വി എസ് ജോയ് പറഞ്ഞു.

പി വി അന്‍വറിന്റെ പ്രതികരണങ്ങള്‍ പ്രയാസമുണ്ടാക്കിയതായും വി എസ് യോജ് പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കും.നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ വലിയ പോരാട്ടമായിരിക്കും. അതിന് പി വി അന്‍വറിന്റെ പിന്തുണ യുഡിഎഫിനുണ്ടാകണം. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്യാടന്‍ മുഹമ്മദ് ഉരുക്കുപോലെ കാത്തുസൂക്ഷിച്ച കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായിരുന്നു നിലമ്പൂര്‍ നിയോജക മണ്ഡലം. ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം തിരിച്ചുപിടിക്കും. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായി നിലമ്പൂരിനെ നിലനിര്‍ത്തുമെന്നും വി എസ് ജോയ് കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വര്‍ രാജിവെച്ചതോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റേയും വി എസ് ജോയ്‌യുടേയും പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. വി എസ് ജോയ്‌യുടെ പേര് ഉയര്‍ത്തിയത് അന്‍വറായിരുന്നു. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വ്യക്തമായി അറിയുന്ന വ്യക്തിയാണ് ജോയ്‌യെന്നും അതുകൊണ്ടുതന്നെ ജോയ്‌യെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന് വഴങ്ങാതെ ആര്യാടന്‍ ഷൗക്കത്തിനെയായിരുന്നു കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.

Content Highlights- Malappuram DCC president V S Joy on Aryadan shoukath Candidateship in nilambur by election

dot image
To advertise here,contact us
dot image