
നിലമ്പൂര്‍: സിപിഐഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചായിരുന്നു പി വി അന്‍വര്‍ തുടങ്ങിയത്. എംഎല്‍എ സ്ഥാനം രാജിവെച്ചും പിന്നീട് ഡിഎംകെ ഉണ്ടാക്കിയും ഒടുവിൽ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നും അന്‍വര്‍ പിണറായി വിരുദ്ധ രാഷ്ട്രീയം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. പിന്നെ കാണുന്നത് പഴയ തട്ടകമായ യുഡിഎഫിനേയും പ്രതിപക്ഷ നേതാവ് വി ഡി സതീശനേയുമെല്ലാം പുകഴ്ത്തുകയും തലോടുകയും ചെയ്യുന്ന ഒരു അന്‍വറിനേയായിരുന്നു. ഒപ്പം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് അന്‍വറിന്റെ വക പരസ്യ പ്രഖ്യാപനവും ഉണ്ടായി. കോണ്‍ഗ്രസ് നേതാവ് വി എസ് ജോയ് സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു അന്‍വറിന്റെ ആഗ്രഹം. അതിനായി മലയോര കർഷകരുടെ വിഷയവും ക്രിസ്ത്യൻ സ്ഥാനാർത്ഥിയെന്ന ആശയവും ഉയർത്തി അൻവർ തൻ്റെ വാദമുഖം ഉറപ്പിച്ചു. എന്നാല്‍ ഒടുവിൽ കോണ്‍ഗ്രസ് പിന്തുണച്ച് ആര്യാടന്‍ ഷൗക്കത്തിനെ. അതോടെ അന്‍വര്‍ പിണങ്ങി. നിലമ്പൂരില്‍ വീണ്ടും സ്വന്തം കാലിൽ നിന്ന് മത്സരിക്കാൻ തീരുമാനിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും അന്‍വര്‍ വന്നാൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ രൂപം മാറുമെന്ന് തീർച്ചയാണ്. മത്സരം പ്രതീക്ഷിച്ചതിലും കൂടുതല്‍ കനക്കുമെന്ന് ഉറപ്പാണ്.
എല്‍ഡിഎഫിനൊപ്പം ഉരുക്കുപോലെയായിരുന്നു ഒരു സമയത്ത് പി വി അന്‍വര്‍ നിലകൊണ്ടത്. സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫിന്റെ ശബ്ദമായിരുന്നു പി വി അന്‍വര്‍. എന്നാല്‍ 2024ന്റെ അവസാനത്തോടെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു. പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥർക്കെതിരെ തുടങ്ങിയ വിമർശനങ്ങൾ പതിയെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും നീണ്ടു. എഡിജിപി എം ആര്‍ അജിത് കുമാറിനേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും അൻവർ അതിരൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയും എല്‍ഡിഎഫും തനിക്ക് വഴങ്ങുമെന്നായിരുന്നു പി വി അന്‍വര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കരുതിയതുപോലെയായിരുന്നില്ല. അൻവർ എൽഡിഎഫിൽ നിന്നും പുറത്തായി. പിന്നാലെ സിപിഐഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന പി വി അന്‍വറിൻ്റെ വാര്‍ത്താസമ്മേളനങ്ങള്‍ തുടര്‍ക്കഥയായി മാറി. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുവരെ ഉപമിച്ചു.
മുന്നണിക്കുള്ളില്‍ അവസരമുണ്ടായിരുന്നിട്ടും ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പി വി അന്‍വറിനെ യാതൊരു ദാക്ഷിണ്യവുമില്ലാതെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള ആളാണ് അന്‍വറനെന്ന് എടുത്തുപറഞ്ഞുകൊണ്ട് അൻവറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. മുഖ്യമന്ത്രി കയ്യൊഴിഞ്ഞത് അന്‍വറിന് മറ്റെന്തിനേക്കാളും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എല്‍ഡിഎഫില്‍ തുടരേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് അന്‍വര്‍ എത്തി. എംഎല്‍എ സ്ഥാനം രാജിവെച്ച് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അന്‍വറിന്റെ ആദ്യനീക്കം. പിന്നെ കാണുന്നത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുന്ന അന്‍വറിനെയായിരുന്നു.
കോണ്‍ഗ്രസ് പരിഗണിക്കുന്നതിന് മുന്‍പുതന്നെ നിലമ്പൂരില്‍, മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ പേര് ആദ്യം ഉയര്‍ത്തുന്നത് പി വി അന്‍വറാണ്. നിലമ്പൂരിലെ മലയോര കര്‍ഷകര്‍ നേരിടുന്ന വന്യജീവി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ വി എസ് ജോയിക്ക് സാധിക്കുമെന്നായിരുന്നു അന്‍വറിന്റെ വാദം. എന്നാല്‍ കോണ്‍ഗ്രസ് മനസിൽ കണ്ടത് മറ്റൊന്നായിരുന്നു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ മതിയെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചു. വി എസ് ജോയിയുടെ പേര് കോണ്‍ഗ്രസിന്റെ പരിഗണനയില്‍ പോലും ഉണ്ടായിരുന്നില്ല. ഇതോടെ അന്‍വര്‍ ഇടഞ്ഞു. യുഡിഎഫിനെതിരെ അന്‍വര്റിന്റെ അങ്ക പ്രഖ്യാപനം.
അന്‍വര്‍ മത്സരിക്കാൻ തീരുമാനിച്ചാൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ മുഖം മാറും. ബിജെപി മത്സരത്തിനിറങ്ങില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ബിഡിജെഎസ് മത്സരിക്കട്ടെ എന്ന സമീപനമാണ് ബിജെപിക്ക്. ബിഡിജെഎസ് തീരുമാനം കൂടി ആശ്രയിച്ചായിരിക്കും നിലമ്പൂരിൽ എൻഡിഎ മുന്നണിയുടെ സാന്നിധ്യം. സിപിഐഎമ്മില്‍ നിന്ന് ആര് സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവുമായ യു ഷറഫലി, പ്രൊഫ. തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകള്‍ സിപിഐഎം പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. പി വി അന്‍വര്‍ മത്സരരംഗത്തേയ്ക്ക് വരുന്നപക്ഷം ശക്തനായ ഒരു നേതാവിനെ സിപിഐഎം പ്രഖ്യാപിച്ചേക്കും. എം സ്വരാജിന്റെ അടക്കം പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ തന്നോട് മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്തായിരിക്കില്ല, സിപിഐഎം പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയാകും അന്‍വറിന്റെ മുഖ്യശത്രു. എല്‍ഡിഎഫ് പിന്തുണയില്ലാതെ അന്‍വറിന് അതിജീവിക്കാന്‍ കഴിയുമോ എന്നറിയാന്‍ ജൂണ്‍ 23വരെ കാത്തിരിക്കണം.
Content Highlights- How p v anvar again as independent candidate in NIlambur by election