
തൃശൂർ: മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് മന്ത്രി കെ രാജൻ. കാലവർഷത്തെ ജാഗ്രതയോടെയാണ് സമീപിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ തലത്തിൽ തന്നെയുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് ഇത്തവണ തയ്യാറാക്കുന്നതെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.
എല്ലാ മുൻകരുതലുകളും എടുത്തുകഴിഞ്ഞുവെന്നും ജനങ്ങൾക്ക് ഭീതി വേണ്ട എന്നും മന്ത്രി അറിയിച്ചു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി. ഭീതിയുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണ്. മുൻകരുതലുകൾ എടുക്കാൻ ജില്ലാ അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടർമാരുമായി നിരന്തരം ബന്ധപ്പട്ടുകൊണ്ടാണ് പ്രവർത്തനം. അതുകൊണ്ടുതന്നെ അനാവശ്യ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.
ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം അടുത്ത മണിക്കൂറുകളിൽ കേരള തീരം തൊട്ടേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂര്, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂര് ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉള്പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: K Rajan says all authorities ready to face monsoon issues