
സീസണിൽ മികച്ച പ്രകടനത്തോടെ പ്ലേ ഓഫ് കടന്ന ടീമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്‌സ്. 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ടീം ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടത്തിന് അരികെയുമാണ്. എന്നാൽ ഗ്രൗണ്ടിന് പുറത്തുള്ള പഞ്ചാബ് കിങ്സിന്റെ കളികൾ അത്ര ആശ്വാസകരമായ രീതിയിലല്ല മുന്നോട് പോകുന്നത്.
സഹ ഉടമകൾ തമ്മിലുള്ള തര്ക്കം ഒടുവിൽ കോടതി കയറിയിരിക്കുകയാണ്. പഞ്ചാബിന്റെ പ്രധാന ഉടമകളിൽ ഒരാളും ബോളിവുഡ് നടിയുമായ പ്രീതി സിന്റ തന്റെ സഹ ഡയറക്ടര്‍മാരായ മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവര്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഐപിഎല്‍ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമസ്ഥരായ കെപിഎച്ച് ക്രിക്കറ്റ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരാണ് മൂവരും.
ഏപ്രില്‍ 21-ന് നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തര്‍ക്കമാണ് കോടതിയിലെത്തിയിരിക്കുന്നത്. കമ്പനി നിയമങ്ങളും മറ്റു നപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേര്‍ന്നതെന്നാണ് പ്രീതി സിന്റ ആരോപിക്കുന്നത്. ഏപ്രില്‍ 10-ന് ഒരു ഇമെയില്‍ വഴി യോഗത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ അവഗണിക്കപ്പെട്ടു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ട് പോയതായും അവര്‍ ആരോപിക്കുന്നു.
സിന്റയും മറ്റൊരു ഡയറക്ടറായ കരണ്‍ പോളും യോഗത്തില്‍ പങ്കെടുത്തുവെങ്കിലും, അത് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ വെച്ച് മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിര്‍പ്പുകള്‍ക്കിടയാക്കിയത്. കരണ്‍ പോളും പ്രീതി സിന്റയും ഈ നീക്കത്തിന് എതിരാണ്.
Content Highlights: Preity Zinta takes legal action against Punjab Kings co-directors