
കോഴിക്കോട്: റാപ്പര്‍ വേടന്റെ പരിപാടികള്‍ കലാപമായി മാറുകയാണെന്ന വിവാദ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവും കേസരി പത്രാധിപരുമായ എന്‍ ആര്‍ മധു. വേടന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വലിയ പ്രശ്‌നങ്ങളുണ്ടാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പരിപാടിയിലുണ്ടായ അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തെ ചൂണ്ടിക്കാട്ടിയായിരുന്നു എന്‍ ആര്‍ മധുവിന്റെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ചാനല്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ വി എസ് രഞ്ജിത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുവിന്റെ വിവാദ പരാമര്‍ശം.
'വേടന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വലിയ പ്രശ്‌നങ്ങളുണ്ടാകുകയാണ്. പാണനല്ല, പറയനല്ല എന്ന് പറഞ്ഞിട്ട് മലയാളത്തിലെ തെറിയും പറയുകയാണ്. വേടന്റെ പാട്ടുകള്‍ മുഴുവന്‍ പരിശോധിച്ചാല്‍ നമ്മുടെ മനസിലേക്ക് ജാതി വേര്‍തിരിവിന്റെ ചിന്തകളെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മനസിലാക്കാം. പുതിയ തലമുറയ്ക്ക് ജാതി ചിന്ത കാര്യമായിട്ടില്ല, അവരിലേക്കെന്തിനാണ് വിഭാഗീയതയുടെ വിത്തുകളിടുന്നത്', എന്‍ ആര്‍ മധു പറഞ്ഞു.
പിന്നോക്ക ദളിത് സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയോ ജാതി രഹിത സമൂഹത്തിന് വേണ്ടിയോയല്ല വേടന്‍ പാട്ട് ഉപയോഗിക്കുന്നതെന്നും എന്‍ ആര്‍ മധു പറഞ്ഞു. സിറിയക്കും പലസ്തീനും വേണ്ടിയാണ് വേടന്‍ പാടുന്നത്. റോഹിങ്ക്യന്മാരെല്ലാം പാവങ്ങളാണെന്ന് പറയുന്നു. വേടന്റെ സാഹിത്യം അത്ര ലളിതമല്ലെന്നും മധു പറഞ്ഞു. അദ്ദേഹം പട്ടിക്ക് പേരിട്ടത് ബുദ്ധനെന്നാണ്, പട്ടി ചിലര്‍ക്ക് ഹറാമാണ്. ഇതിലൊരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. ഇതിലൂടെ ആരുടെയൊക്കെയോ പ്രീതി പിടിച്ചു പറ്റുന്നുവെന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും മധു പറഞ്ഞു.
'വേടന്റെ പ്രതികരണം സെലക്ടീവാണ്. ആസിഫയുടെ അരയുടക്കാന്‍ ദൈവങ്ങള്‍ കാവലിരുന്നു എന്നാണ് വേടന്റെ പാട്ടിലെ ഒരു വരി. അത് വേണമെങ്കില്‍ വര്‍ഗീയ പരാമര്‍ശമായിയെടുക്കാം. കേരളത്തിലെ മദ്രസകളില്‍ എത്രയോ ആമിനമാരുടെ അരയുടക്കപ്പെടുന്നുണ്ട്. അവിടെയൊക്കെ അല്ലാഹു കാവലിരുന്നുവെന്ന് പാടുന്നില്ല. കശ്മീര്‍ പണ്ഡിറ്റുകളെയും യസീതികളെയും കുര്‍ദികളെയും വേടന്‍ കാണുന്നില്ല. ലങ്കയില്‍ ദാഹം മാറാത്ത പുലികളെ കാണുന്നുണ്ട്. ഈ പുലികള്‍ എല്‍ടിടിക്കാരാണ്. എല്‍ടിടിക്കാര്‍ നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ വെടിവെച്ച് കൊന്നവരാണ്. ഇതിനകത്ത് പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. അയാള്‍ മറ്റൊരു അഭിമുഖത്തില്‍ സായുധ കലാപം നടക്കണമെന്നാണ് പറയുന്നത്. വാളുകളെടുക്കണം, രക്തമൊഴുകണമെന്നും പറയുന്നു', എന്‍ ആര്‍ മധു പറഞ്ഞു.
Content Highlights: NR Madhu about Rapper Vedan s song lyrics