'ജി സുധാകരൻ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു'; നിയമ നടപടികൾക്ക് പാര്‍ട്ടി പിന്തുണയുണ്ടാകില്ലെന്ന് എം വി ഗോവിന്ദൻ

ഒരു അട്ടിമറി പ്രവര്‍ത്തനവും സിപിഐഎം നടത്തിയിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

dot image

തിരുവനന്തപുരം: കണ്ണൂര്‍ മലപ്പട്ടത്ത് ബോധപൂര്‍വ്വമായ സംഘര്‍ഷമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരിനെ കുഴപ്പത്തിലെത്തിക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐഎം നേതാവ് ജി സുധാകരന്റെ തപാല്‍ വോട്ട് വിവാദത്തോട് പ്രതികരിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. 'അദ്ദേഹം പറഞ്ഞത് അദ്ദേഹം നിഷേധിച്ചു. തിരുത്തിയത് നിങ്ങള്‍ കണ്ടില്ലേ. രണ്ടാമത് പറഞ്ഞതിനാണ് പ്രസക്തി, അതിനൊപ്പമാണ് പാര്‍ട്ടി. ജി സുധാകരന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. നിയമ നടപടികള്‍ക്ക് പാര്‍ട്ടി പിന്തുണ എന്തിനാണ്. ഒരു അട്ടിമറി പ്രവര്‍ത്തനവും സിപിഐഎം നടത്തിയിട്ടില്ല. അന്നുമില്ല, ഇന്നുമില്ല, ഇനിയുമില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു.

ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസില്‍ നിന്നും മര്‍ദനമേറ്റ വിഷയത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുടെ ചില പ്രവണത അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശ്യാമിലിക്ക് ഒപ്പമാണ് പാര്‍ട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബെയ്ലിന്‍ ദാസ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയുടെ നേതാവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജനീഷ് കുമാര്‍ എംഎല്‍എ വനംവകുപ്പ് ഓഫീസില്‍ കയറി പ്രകോപിതനായ വിഷയം പത്തനംതിട്ടയിലെ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം നിലപാട് പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത തെറ്റായ പ്രവണത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: M V Govindan about G Sudakarans postal vote controversy

dot image
To advertise here,contact us
dot image