ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിന്‍: പ്രതിപക്ഷ നേതാവ്

ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബിജെപി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് വി ഡി സതീശന്‍

dot image

തിരുവനന്തപുരം: ദ കേരള സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പുരസ്‌കാരം നല്‍കിയതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബിജെപി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബിജെപിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് പുരസ്‌കാര ജേതാക്കളെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ദ കേരള സ്റ്റോറിക്ക് രണ്ട് പുരസ്കാരങ്ങളായിരുന്നു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരള സ്‌റ്റോറി സംവിധായകന്‍ സുധിപ്തോ സെന്നും മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം പ്രശാന്തനു മോഹപാത്രയും കരസ്ഥമാക്കി. 2023 മെയ് അഞ്ചിനായിരുന്നു കേരള സ്റ്റോറിയുടെ റിലീസ്. കേരളത്തെ കുറിച്ച് ഇല്ലാത്ത വിവരണം നല്‍കിയ സിനിമ സംപ്രേഷണം ചെയ്ത മുതല്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കേരളത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്നും ആരോപിക്കുന്നതാണ് ചിത്രം.

Content Highlights: VD Satheesan against The Kerala story National Award

dot image
To advertise here,contact us
dot image