
കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 70 കാരന്‍ അറസ്റ്റില്‍. 12 കാരിയായ വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍ വെച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് സമീപവാസിയായ പ്രതി പിടിയിലായത്.
കഴിഞ്ഞ മെയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീക്കുന്നതിനായി 70 കാരനെ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സാമ്പിള്‍ എടുത്ത് രണ്ടു മാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 70 കാരന്റെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാൻ പോകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പീഡനത്തിന് ഇരയായത്. പല തവണ പീഡിപ്പിച്ചതായാണ് വിവരം. 70 കാരന്റെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Content Highlights- 70-year-old man arrested for raping 12-year-old girl and impregnating her in Thamarassery