
കൊല്ലം: റാപ്പര്‍ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയില്‍ കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍ ആര്‍ മധുവിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കെ കല്ലട പൊലീസാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍ നല്‍കിയ പരാതിയിലാണ് കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാണ് കേസ്. ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വേടന്‍ സമൂഹത്തില്‍ ജാതി ഭീകരവാദം നടത്തുന്നതായും വികടന വാദം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് സാമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളതെന്നായിരുന്നു ശ്യാമിന്റെ പരാതി. വേടന്റെ പരിപാടിയില്‍ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നത്തിന് ഉദ്ദേശിച്ചാണ് എന്നും പരാതിയില്‍ സൂചിപ്പിച്ചു.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഡോ. എന്‍ ആര്‍ മധു പറഞ്ഞത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളര്‍ന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞു. വേടന്റെ പിന്നില്‍ ശക്തമായ സ്‌പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. അത് സൂക്ഷ്മമായി പഠിച്ചാല്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത്. ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Case against N R Madhu for casteist abuse against Rapper Vedan