
പത്തനംതിട്ട: പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ആറ് തൊഴിലാളികളെ അന്യായമായി കസ്റ്റഡിയിലെടുത്ത് തടങ്കലില്‍ വെച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 296 (ബി), 127(2), 351(2), 324(5), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
തൊഴിലാളിയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവം വലിയ വിവാദമായിരുന്നു. കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ യു ജനീഷ് കുമാര്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയതും വലിയ വിവാദമായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ വനപാലകരുടെ പരാതിയില്‍ കൂടല്‍ പൊലീസ് എംഎല്‍എക്കെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് ഓഫീസില്‍ എത്തി ജോലി തടസ്സപ്പെടുത്തി എന്ന വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണ് താന്‍ ഈ കേസില്‍ ഇടപെട്ടത് എന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ നല്‍കിയ പ്രതികരണം.
Content Highlights: Police register case against Pathanamthitta Padam forest officers