
കൊച്ചി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് നൽകാൻ പഴകിയ ഭക്ഷണം തയ്യാറാക്കിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത നാളത്തെ യോഗത്തിലും ഇക്കാര്യം ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. യാത്രക്കാർ നൽകുന്ന പണത്തിന് കൃത്യമായ തരത്തിലുള്ള സേവനം നൽകുന്നതിന് റെയിൽവേയും റെയിൽവേ ചുമതലപ്പെടുത്തിയ കരാറുകാരും ബാധ്യസ്ഥരാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
മോശം ഭക്ഷണം വിതരണം ചെയ്യുക എന്ന കാര്യം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്തതാണെന്നും നിരവധി യാത്രക്കാരാണ് ഇത് സംബന്ധിച്ചുള്ള ഇടപെടൽ തേടി തന്നെ സമീപിച്ചത് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു. തിരുവനന്തപുരത്ത് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ നാളെ വിളിച്ചു ചേർത്തിട്ടുള്ള എംപിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും.
വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ പഴകിയ ഭക്ഷണമാണ് കൊച്ചി കടവന്ത്രയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.
യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിൽ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. നേരത്തെ സ്ഥാപനത്തിൽ നിന്നും പല തവണ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്.
content highlights: Kodikunnil MP writes to Railway Minister regarding stale food served on trains