
തിരുവനന്തപുരം: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം.അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെൻ്റിൻ്റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എൻ്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും.
ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായ വിവരം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ആദ്യമായി സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക നടപടികൾ നിർത്തിവെച്ചതായും വിക്രം മിസ്രി അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തുമെന്നാണ് അറിയിച്ചത്.
അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന വിവരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ അറിയിച്ചിരുന്നു. പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വികം മിസ്രി വാർത്താ സമ്മേളനത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. തർക്കവിഷയങ്ങളിൽ ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രംഗത്ത് എത്തിയിരുന്നു. ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ ട്വീറ്റ് ചെയ്തു. സമാധാനത്തിന്‌റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിച്ചു.
Content Highlights- 'People and country want peace, ceasefire decision is wise'; Chief Minister