
കണ്ണൂർ: കണ്ണൂരിൽ സിനിമ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇന്നലെ രാത്രി പിടിയിലായത്. യുവാവ് നാളുകളായി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്.
റെയിൽവേ ഗേറ്റ് പരിസരത്ത് ബൈക്കിൽ സഞ്ചരിക്കവേ പൊലീസ് വളഞ്ഞിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 'കാസർഗോൾഡ്' എന്ന സിനിമയുടെ സഹ സംവിധായകൻ ആണ് നധീഷ്.
അതേസമയം യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സമീറിനും ലഹരിയിടപാടിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ തന്റെ അറിവോടെയല്ല ഫ്ലാറ്റിലെ ലഹരി ഉപയോഗമെന്ന് സമീർ താഹിർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സമീറിന്റെ ഫ്‌ളാറ്റില്‍ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാന്‍ എക്‌സൈസ് നോട്ടീസ് അയച്ചത്. ലഹരിക്കേസില്‍ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് നടപടി. സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ഇവരെ പിടികൂടിയത്. എന്നാൽ ഈ സമയത്ത് സമീർ തന്റെ ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല.
Content Highlights: Asst director arrested in durg case, report