
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ ചർച്ചകൾക്കിടെ കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുൻഷിക്ക് നേരെ തിരിഞ്ഞ് കെ സുധാകരൻ പക്ഷം. ഈ പ്രതിസന്ധി എല്ലാം ഉണ്ടാക്കിയത് ദീപാ ദാസ് മുൻഷി ആണെന്നും അവരെ ഉടനെ ചുമതലയിൽ നിന്നും മാറ്റണമെന്നുമാണ് സുധാകരൻ പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. സുധാകരനെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൈക്കമാൻ്റ് ആണെന്നും സുധാകരൻ പക്ഷം പരാതിപ്പെട്ടിട്ടുണ്ട്.
നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ആകെ പ്രതിസന്ധി ഉടലെടുത്തിരിക്കെയാണ് കെ സുധാകരൻ പക്ഷം ദേശീയ നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. ഇതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടിയെന്നാണ് വിവരം. എന്നാൽ സമ്പൂർണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തിൽ കെ സുധാകരനെ ചുമതലയിൽ നിന്നും മാറ്റാൻ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരൻ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വേണം കരുതാൻ.
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.
Content Highlights: K Sudhakaran against Deepa Das Munshi