
തമിഴ് സിനിമയിൽ ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ ആക്ഷൻ, വയലന്റ് സിനിമകളാണെന്നും കോമഡി ചിത്രങ്ങൾ വളരെ കുറവാണെന്നും നടൻ സിലമ്പരശൻ. സന്താനത്തെ പോലെ ഒരാളെ തമിഴ് സിനിമ മിസ്സ് ചെയ്യുന്നുണ്ട്. ഹീറോയായി അഭിനയിക്കുന്നതിനോടൊപ്പം തന്റെ കൂടെയോ ആര്യയുടെ കൂടെയോ അല്ലെങ്കിൽ മറ്റു മികച്ച കഥാപാത്രങ്ങളിലോ അദ്ദേഹം എത്തണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെന്നും സിലമ്പരശൻ പറഞ്ഞു. സന്താനം നായകനായി എത്തുന്ന ഡിഡി നെക്സ്റ്റ് ലെവൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് സിമ്പു ഇക്കാര്യം പറഞ്ഞത്.
'ഇന്ന് തമിഴ് സിനിമയിൽ കോമഡി സിനിമകൾ വളരെ കുറവാണ്. ഇറങ്ങുന്നത് എല്ലാം വളരെ സീരിയസ് ആയ സിനിമകളാണ്. വലിയ സ്റ്റാറുകൾ ചെയ്യുന്ന സിനിമകൾ പോലും ഇപ്പോൾ വയലന്റ് ആയ ആക്ഷൻ സിനിമകളാണ്. തമിഴിൽ ജോളി ആയ ഫീൽ ഗുഡ് സിനിമകളും വരണം. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ ഞാൻ കണ്ടു. മികച്ച സിനിമയാണ് അത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് എന്റെ ആശംസകൾ. സന്താനത്തെ പോലെ ഒരാളെ തമിഴ് സിനിമ മിസ്സ് ചെയ്യുന്നുണ്ട്. ഹീറോയായി അഭിനയിക്കുന്നതിനോടൊപ്പം എന്റെ കൂടെയോ ആര്യയുടെ കൂടെയോ അല്ലെങ്കിൽ മറ്റു മികച്ച കഥാപാത്രങ്ങളിലോ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എസ്ടിആർ 49 ലേക്ക് സന്താനത്തെ സെലക്ട് ചെയ്തപ്പോൾ എല്ലാവരും അദ്ദേഹം ഓക്കേ പറയുമോ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഞാൻ ഒന്ന് ഫോൺ ചെയ്താൽ മതി എന്ത് കഥയാണ് എന്നുപോലും ചോദിക്കാതെ അദ്ദേഹം വരുമെന്ന്', സിലമ്പരശൻ പറഞ്ഞു.
'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ഒരുക്കുന്ന എസ്ടിആർ 49 എന്ന സിനിമയിലാണ് ഇപ്പോൾ സിലമ്പരശൻ അഭിനയിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടൻ സന്താനം കൊമേഡിയൻ ആയി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഒരിടവേളക്ക് ശേഷം സിലമ്പരശനും സന്താനവും ഒന്നിക്കുന്ന സിനിമയാണിത്. 2004 ൽ സിമ്പു ഒരുക്കിയ മന്മഥൻ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഡ്രാഗൺ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന കയദു ലോഹർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡൗൺ പിക്ചേഴ്സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്. ഇവർ നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. കാച്ചി സേര, ആസ കൂടാ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സായ് അഭ്യാങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: tamil cinema missess an actor like Santhanam says Silambarasan TR