
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള "എന്റെ കേരളം പ്രദർശനവിപണനമേള"യിലെ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാളിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ‘കെഎഫ്‌സി-എന്റെ കേരളം മെഗാ ക്വിസ്' മത്സര വിജയികളെ ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ബമ്പർ സമ്മാനമായി ആപ്പിൾ ഐ-ഫോൺ 16 ആണ് നൽകുന്നത്. ഓരോ സ്റ്റാളിലെയും പ്രദർശനത്തിലെ മത്സരാർത്ഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നയാൾക്ക് 30,000 രൂപ വിലയുള്ള റെഡ്മി പാഡ് പ്രോ ടാബ്ലറ്റ് സമ്മാനമായി ലഭിക്കും. ഇതുകൂടാതെ എല്ലാ ദിവസവും നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം 4,000 രൂപ വിലയുള്ള ജെ ബി എൽ പ്രീമിയം ഹെഡ്ഫോണും സമ്മാനമായി നൽകുന്നുണ്ട്.
എൻ്റെ കേരളം പരിപാടിയിലെ അഞ്ച് ജില്ലകളിലുള്ള (കോഴിക്കോട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂർ) കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ സ്റ്റാളുകളിലായിരിക്കും ക്വിസ് മത്സരം സംഘടിപ്പിക്കുക. മെയ് മൂന്നിന് ഉദ്ഘാടനം ചെയ്യുന്ന കോഴിക്കോട് ബീച്ചിലെ പ്രദർശനവേദിയിലായിരിക്കും മത്സരം ആരംഭിക്കുന്നത്. മെയ് നാല് ഞായറാഴ്ച രാവിലെ മുതൽ സന്ദർശകർക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.
സ്റ്റാളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണം വഴിയാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. അഞ്ച് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും ഉണ്ടാവുക. അഞ്ച് ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവർ പ്രതിദിന നറുക്കെടുപ്പ് മുതൽ ബമ്പർ സമ്മാനത്തിനുള്ള നറുക്കെടുപ്പ് വരെയുള്ള എല്ലാത്തിലും പങ്കെടുക്കാൻ യോഗ്യത നേടും. മൂന്ന് ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകുന്നവർ ദിനംപ്രതിയുള്ള നറുക്കെടുപ്പ് മുതൽ ഓരോ സ്റ്റാളിലെയും ഗ്രാൻഡ് പ്രൈസ് വരെയുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരായിരിക്കും. രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവർ ഡെയ്‌ലി പ്രൈസ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും.
കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ വായ്പാ പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തെ വ്യവസായമേഖലയുടെ പുരോഗതിയിൽ കോർപറേഷൻ്റെ പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് എൻ്റെ കേരളം മേളയിലെ സ്റ്റാളിലൂടെയും മത്സരങ്ങളിലൂടെയും കോർപറേഷൻ ലക്ഷ്യമിടുന്നത്. കെഎഫ്സിയുടെ വായ്പാ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന തരത്തിലുള്ള വീഡിയോകളും പോസ്റ്ററുകളും ബ്രോഷറുകളും സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Content Highlights: kerala financial corporation will organize quiz competition for the public