വിളിച്ചത് 57 കോടി അടിച്ചത് പറയാൻ, ഫോണ്‍ കട്ട് ചെയ്ത് വിജയി; ചിരി പടർത്തി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വീഡിയോ

വിജയിയായ തിരുവനന്തപുരം സ്വദേശി താജൂദ്ദീനെ വിളിക്കുമ്പോള്‍ സമീപത്തുള്ള ആരോ ഫോൺ എടുത്ത വ്യക്തിയോട് ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം

dot image

അബുദാബിയിലെ ബിഗ് ടിക്കറ്റ് നിരവധി പേരെയാണ് കോടീശ്വരന്മാരാക്കിയത്. വിജയികളിൽ പലരും മലയാളികളുമായിരുന്നു. ഇത്തവണത്തെ ബിഗ് ടിക്കറ്റിലും വിജയിച്ചത് ഒരു മലയാളിയാണ്. എന്നാൽ ഇത്തവണത്തെ വിജയിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് നാട്ടിൽ നിന്നാണ് ഇത്തവണത്തെ വിജയി ടിക്കറ്റ് എടുത്തത്.

തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞാണ് 274 -ാം നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 2.5 കോടി ദിർഹത്തിന് അർഹനായത്. ഇന്ത്യൻ രൂപ ഏകദേശം 57.53 കോടി രൂപയാണിത്. എന്നാൽ വിജയി ആയ കാര്യം താജുദ്ദീനെ വിളിച്ചറിയിക്കാൻ ശ്രമിക്കുന്ന ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാർഡിന്റെയും ബുഷ്രയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ബിഗ് ടിക്കറ്റ് വിജയിച്ച കാര്യം താജുദ്ദീൻ നൽകിയ നമ്പറിൽ വിളിച്ച് അറിയിക്കാൻ രണ്ട് തവണ റിച്ചാർഡ് ശ്രമിക്കുന്നുണ്ട്. എന്നാൽ ആരും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ ഒരു തവണ ഫോൺ എടുത്തെങ്കിലും സമീപത്തുള്ള ആരോ ഫോൺ എടുത്ത വ്യക്തിയോട് ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കേൾക്കാം 'അങ്ങനെയൊന്നും ഫോൺ എടുക്കാൻ പാടില്ല കട്ട് ചെയ്യ് അത്' എന്നാണ് ഫോണിലൂടെ കേട്ടത്.

വിജയിയെ ഷോ കഴിഞ്ഞ ശേഷം വിളിക്കാൻ ശ്രമിക്കുമെന്ന് റിച്ചാർഡും ബുഷ്രയും പറയുന്നുണ്ട്. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് താജുദ്ദീന് ഒന്നാം സമ്മാനം ലഭിച്ചത്. ഏപ്രിൽ 18ന് താജുദ്ദീൻ എടുത്ത 306638 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ഗ്രാൻഡ് പ്രൈസിന് പുറമെ മറ്റ് അഞ്ച് ബോണസ് പ്രൈസുകളും ഇത്തവണത്തെ നറുക്കെടുപ്പിൽ വിജയികൾ സ്വന്തമാക്കി. ഇതിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. കമലാസനൻ ഓമന റിജി എന്ന പേരിൽ എടുത്ത 501800 എന്ന ടിക്കറ്റിനും ശിവാനന്ദൻ രാമഭദ്രൻ എന്ന പേരിൽ എടുത്ത 046357 എന്ന ടിക്കറ്റിനും പ്രശാന്ത തോട്ടേത്തൊടി മാരപ്പ എന്ന പേരിൽ എടുത്ത 403136 എന്ന ടിക്കറ്റിനുമാണ് ബോണസ് പ്രൈസ് അടിച്ചത്.

ഇതിന് പുറമെ 126549 എന്ന ടിക്കറ്റിലൂടെ ബംഗ്ലാദേശ് സ്വദേശിയായ ഷോഹഗ് നൂറുൽ ഇസ്ലാം, 111977 എന്ന ടിക്കറ്റിലൂടെ പാകിസ്താൻ സ്വദേശിയായ ഇമ്രാൻ അഫ്താബ് എന്നിവർക്കും സമ്മാനം ലഭിച്ചു.

15000 ദിർഹം വീതമാണ് ഇവർക്ക് ലഭിക്കുക. ഇതിന് പുറമെ ബിഗ് ടിക്കറ്റിൻറെ ഡ്രീം കാർ പ്രൊമോഷനും ലഭിച്ചത് ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനായ വെങ്കട്ട ഗിരിബാബു വുല്ലയ്ക്കാണ് ഡ്രീം കാർ ആയ റേഞ്ച് റോവർ വേലാർ സീരീസ് 17 ലഭിച്ചത്.

Content Highlights: Called to say won 57 crores, winner hangs up the phone, big ticket draw funny video

dot image
To advertise here,contact us
dot image