
കൊച്ചി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്ത്. കാർത്തിക പ്രദീപ് രണ്ടാഴ്ച മുൻപ് പരാതിക്കാരന് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. പറ്റിച്ചു ജീവിക്കുന്നത് തന്റെ മിടുക്കെന്നാണ് കാർത്തിക പ്രദീപ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.
എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്കാണ്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനെന്നും കാർത്തിക ചോദിക്കുന്നു. തട്ടിപ്പ് ചോദ്യം ചെയ്ത പരാതിക്കാരനോടാണ് കാർത്തികയുടെ മറുപടി. എറണാകുളം സെൻട്രൽ പോലീസ് രണ്ട് ദിവസം മുൻപാണ് കാർത്തികയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.
അതേ സമയം ടേക്ക് ഓഫ് ഓവര്‍സീസ് എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി സിഇഒ കാർത്തിക തട്ടിയെടുത്ത പണം ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിച്ചെന്നാണ് വിവരം. കാർത്തികയുടെ ലഹരി ബന്ധത്തില്‍ അന്വേഷണം നടത്താനാണ് സെന്‍ട്രല്‍ പൊലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണുള്ളത്.
യുക്രെയ്‌നില്‍ എംബിബിഎസ് പഠിക്കുന്ന കാലം മുതല്‍ തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തല്‍. തട്ടിപ്പില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കാര്‍ത്തിക പിടിയിലാകുന്നത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട് നിന്ന് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാര്‍ത്തികയുടെ തട്ടിപ്പിനിരയായത്.
content highlights : Karthika Pradeep's audio message released