
കൊച്ചി: വേടന്റെ കൈയ്യിൽ നിന്നും പുലിപ്പല്ല് പിടികൂടിയ കേസിൽ വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ റിപ്പോർട്ട് സമർപ്പിച്ചു. വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം ജ്യോതിലാലിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. വേടന്റെ കേസ് കൈകാര്യം ചെയ്യുന്നതിൽ തിടുക്കമുണ്ടായതായി വനം വകുപ്പ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. മാധ്യമങ്ങളുടെ മുന്നിൽ നിറഞ്ഞ് നിൽക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വേടനെ അറസ്റ്റ് ചെയ്തത് നിയമപ്രകാരമാണെന്നും റിപ്പോർട്ടിലുണ്ട്. വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുപാർശ എഴുതി റിപ്പോർട്ട് വനം മന്ത്രിക്ക് കൈമാറും.
വേടന്റെ അറസ്റ്റിൽ രൂക്ഷവിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് വനംമന്ത്രി ഉദ്യോഗസ്ഥർക്കെതിരെ നടപടി നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും കൂടി നിർദേശ പ്രകാരമാണ് നീക്കങ്ങൾ എന്നാണ് വിവരം. വേടന്റെ അറസ്റ്റിലും തുടർ നടപടിക്രമങ്ങളിലെയും തിടുക്കം ചൂണ്ടിക്കാണിച്ച് വനം വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നിരുന്നു.
വേടനെതിരെ നടപടിയുണ്ടാകുമെന്ന് ആദ്യ ഘട്ടത്തിൽ സൂചിപ്പിച്ച വനംമന്ത്രി പിന്നാലെ നിലപാട് മയപ്പെടുത്തുകയുമുണ്ടായി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്. തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
content highlights : 'Forest Department rushed to file case against vedan'; Report