
കോട്ടയം: പേരൂരില്‍ അമ്മയും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റിൽ. ഏറെ നേരത്തെ ചോദ്യംചെയ്യലിന് പിന്നാലെയാണ് ഏറ്റുമാനൂര്‍ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ ജിമ്മിയെയും ജോസഫിനെയും പൊലീസ് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തിരുന്നു. ജിസ്‌മോള്‍ ഗാര്‍ഗിക പീഡനത്തിന് ഇരയായെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായിരുന്ന ജിസ്‌മോളുടെയും മക്കളായ നേഹ, നോറ എന്നിവരുടെയും മരണത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ജിസ്‌മോളുടെ കുടുംബം രംഗത്തെത്തിയിരുന്നു.
നാളുകളായി ഭർത്താവ് ജിമ്മിയുടെ വീട്ടിൽ ജിസ്മോൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനമാണെന്ന് ജിസ്മോളുടെ പിതാവും സഹോദരനും ആരോപിച്ചിരുന്നു. ഭർതൃമാതാവും മൂത്ത സഹോദരിയും മകളെ നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരുപറഞ്ഞ് മാനസികമായി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പിതാവ് ആരോപിച്ചത്. ഭര്‍തൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്‌മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്ത് നിളയും വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പൊലീസ് ജിമ്മിയെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്.
ഏപ്രില്‍ പതിനഞ്ചിനാണ് ജിസ്‌മോള്‍ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിൽ ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. കുഞ്ഞുങ്ങള്‍ക്ക് വിഷവും നല്‍കിയിരുന്നു. തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്‌മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടന്‍ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തുവന്നിരുന്ന അഭിഭാഷകയാണ് ജിസ്‌മോള്‍
Content Highlights: husband and father in law arrested in jismol and children death case