
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ 1, 2. രൺബീർ കപൂർ, സായി പല്ലവി, യഷ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ മുംബൈയിലെ സെറ്റിൽ യഷ് ജോയിൻ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ഒരു മാസത്തോളമായിരിക്കും യഷിന്റെ ഭാഗങ്ങൾ ചിത്രീകരിക്കുക എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. രാമായണ ഒന്നാം ഭാഗത്തിനൊപ്പം രണ്ടാം ഭാഗത്തിലെയും ചില ഭാഗങ്ങൾ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കും. രൺബീർ, സായി പല്ലവി, സണ്ണി ഡിയോൾ എന്നിവർക്കൊപ്പം യഷിന് ഈ ഷെഡ്യൂളിൽ കോമ്പിനേഷൻ സീനുകൾ ഉണ്ടാകുമെന്നും സൂചനകളുണ്ട്.
ഈ ചിത്രത്തിൽ രൺബീർ കപൂർ രാമനെ അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും യഷ് രാവണനെയും അവതരിപ്പിക്കുന്നു. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. ഏകദേശം 835 കോടി രൂപ ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
രാമായണത്തിന് പുറമെ ടോക്സിക് എന്ന ചിത്രവും യഷിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2026 മാർച്ച് 19 നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്.
Content Highlights: Reports that Yash starts shooting for Ramayana in Mumbai