
ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച, 2011 ലെ സൗമ്യ വധക്കേസിന് പിന്നാലെയാണ്, അഡ്വ. ബിജു ആന്റണി ആളൂർ എന്ന, ബി എ ആളൂരിന്റെ പേര് മലയാളികൾക്ക് സുപരിചിതമാവുന്നത്. സൗമ്യ എന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി സൗജന്യമായി കേസ് വാദിക്കാൻ ഒരു പ്രമുഖ അഭിഭാഷകനെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. ഒരു സിറ്റിംഗിന് വേണ്ടി വൻതുക ഈടാക്കിയിരുന്ന ക്രിമിനൽ അഭിഭാഷകന് ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ എന്താണ് താത്പര്യമെന്ന് എല്ലാവരും ചിന്തിച്ചു. ആരാണ് ബി എ ആളൂരെന്ന ചോദ്യം ഒരു പക്ഷേ അന്നായിരിക്കും പൊതുസമൂഹത്തിൽ ആദ്യമായി ഉയർന്നത്.
തൃശ്ശൂർ സ്വദേശിയായ ബിജു ആന്റണി പൂനെയിൽ നിന്ന് നിയമബിരുദം എടുത്ത്, 1999ലാണ് അഭിഭാഷകനായി എന്റോൾ ചെയ്യുന്നത്. ആദ്യ നാല് വർഷം കേരളത്തിൽ പ്രാക്ടീസ് ചെയ്ത ആളൂർ പിന്നീട് പൂനെയിലേക്ക് തന്നെ പ്രവർത്തനം മാറ്റിയിരുന്നു. കുപ്രസിദ്ധമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ആളൂർ കോടതിയിൽ ഹാജരായി. മാധ്യമ വാർത്തകളിൽ വലിയ തോതിൽ ഇടംപിടിക്കുന്ന, കുപപ്രസിദ്ധവും ക്രൂരവുമായ കൊലപാതകങ്ങളിലെല്ലാം പ്രതികൾക്ക് വേണ്ടി വാദിക്കാൻ ബിഎ ആളൂരെത്തുന്നത് ഒരു പതിവ് കാഴ്ചയായി കേരളത്തിൽ മാറി.
2011-ലാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ ഗോവിന്ദചാമി ആക്രമിക്കുകയും, ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ സൗമ്യയെ ക്രൂരലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തത്. കേസിൽ ഗോവിന്ദചാമിയെ വൈകാതെ പോലീസ് പിടികൂടി. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആളൂർ ഗോവിന്ദചാമിയുടെ അഭിഭാഷകനായി എത്തി. കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ച ഗോവിന്ദചാമിയുടെ ശിക്ഷ സൂപ്രീംകോടതിയിൽ ജീവപര്യന്തം ആക്കി മാറ്റാൻ ബി എ ആളൂരിന് സാധിച്ചു. തന്നെ ഈ കേസിന്റെ വക്കാലത്ത് എൽപ്പിച്ചത് ഒരു മാഫിയ ആണെന്നാണ് പിന്നീട് ആളൂർ പറഞ്ഞത്.
2016 ൽ കേരള മനഃസാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിലും പ്രതിക്ക് വേണ്ടി ബി എ ആളൂർ ഹാജരായി. തൊട്ടടുത്ത വർഷം കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സുനിൽ കുമാർ എന്ന പൾസർ സുനിക്ക് വേണ്ടിയും ബി എ ആളൂർ ഹാജരായി. ബണ്ടിചോർ കേസും ആളൂർ ഏറ്റെടുത്തു.
പിന്നീട് 2019 ൽ കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിക്ക് വേണ്ടിയും, ഇലന്തൂർ നരബലിക്കേസിലും ആളൂർ തന്നെയായിരുന്നു ഹാജരായത്. ഈ കേസുകളും ഏറെ കോളിളക്കം സൃഷ്ടിച്ചു. കേരളത്തിന് പുറത്ത് പ്രശസ്ത യുക്തിവാദിയായിരുന്ന നരേന്ദ്ര ദാഭോൽക്കറിനെ കൊലപ്പെടുത്തിയ കേസിലും പൂനെയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ നയന പൂജാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികൾക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. എന്നാൽ ഈ കേസുകളിൽ ആളൂർ പരാജയപ്പെട്ടു. ഇങ്ങനെ കുപ്രസിദ്ധ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന ആളൂരിന് കേരള സമൂഹത്തിന് മുന്നിൽ ലഭിച്ചതും നെഗറ്റീവ് ഇമേജായിരുന്നു.
എന്തുകൊണ്ടാണ് കുപ്രസിദ്ധമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി മാത്രം ഹാജരാവുന്നതെന്ന ചോദ്യത്തിന് നിയമവ്യവസ്ഥയിൽ എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്നായിരുന്നു പറഞ്ഞത്. 'നീതി എല്ലാവർക്കും ലഭ്യമാകണം, അതിന് ശക്തമായ പ്രതിഭാഗം അനിവാര്യമാണ്,' 'പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുന്നത് പതിവാണ്, ശക്തമായ പ്രതിഭാഗം ഇല്ലെങ്കിൽ നിരപരാധികൾക്ക് പോലും ശിക്ഷ ലഭിക്കാം,' എന്നും ആളൂർ പറഞ്ഞിരുന്നു….
ഞാൻ ഒരു കേസ് ഏറ്റെടുക്കുമ്പോൾ എന്റെ കക്ഷി കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് പരിശോധിക്കാൻ ഞാൻ മെനക്കെടില്ല. ഒരു പ്രൊഫഷണലായിട്ടാണ് കേസ് ഏറ്റെടുക്കുന്നത് എന്നായിരുന്നു ഗോവിന്ദചാമി കേസ് ഏറ്റെടുത്തതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയായി ആളൂർ പറഞ്ഞത്.
ഇതിനിടെ ബിഎ ആളൂരിനെതിരെ പോക്‌സോ പീഡന പരാതിയും ഉയർന്നിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നതായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലും ആളുരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമായിരുന്നുമായിരുന്നു മറ്റൊരു പരാതി.
ഏന്നാൽ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയ ജൂനിയർ അഭിഭാഷകർ ചേർന്ന് ഗൂഢാലോചന നടത്തി തന്നെ കള്ളകേസിൽ കുടുക്കിയെന്നായിരുന്നു അന്ന് ആളൂർ നൽകിയ വിശദീകരണം. കേസിൽ ആളുരിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കുപ്രസിദ്ധമായ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ഇപ്പോൾ ബിഎ ആളൂർ മരണത്തിന് കീഴടങ്ങിയത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആളൂരിനെ ശ്വാസതടസത്തെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിച്ചത്.
Content Highlights: Who is Adv B A Aloor?