
പത്തനംതിട്ട: പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഞ്ച് നിയമസഭാ സീറ്റിലും ജയിച്ചിടത്ത് ഇപ്പോള്‍ ഒരു നക്കി പൂച്ച പോലുമില്ലെന്ന് സുധാകരന്‍ പറഞ്ഞു. അടുത്ത തവണ അഞ്ച് സീറ്റിലും വിജയിച്ചില്ലെങ്കില്‍ നേതാക്കളെ എല്ലാം സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നും സുധാകരന്‍ പറഞ്ഞു. നവീകരിച്ച പത്തനംതിട്ട ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ എം പി.
'നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതുന്നു. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് എവിടെ. ഗ്രൂപ്പ് പറഞ്ഞ് ഓരോരുത്തരെ കെട്ടിയിറക്കിയാല്‍ നമ്മള്‍ തമ്മില്‍ തെറ്റും. ഈ നാടും മണ്ണും കോണ്‍ഗ്രസിന്റെ മണ്ണാണ്. അത്തരമൊരു ജില്ലയില്‍ അഞ്ച് സീറ്റ് നേടാന്‍ പറ്റിയില്ലെങ്കില്‍ അത് കഴിവുകേടാണ്', അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തെക്കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. പിണറായിയുടെ ഭരണത്തില്‍ നാടിന് വികസനം ഉണ്ടായില്ലെന്നും പിണറായി വിജയന്‍ മക്കള്‍ക്ക് വേണ്ടി പണം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസിന് ഇല്ലെന്നും പിണറായി വിജയനെ ഇനി സിപിഐഎമ്മുകാര്‍ പോലും വിജയിപ്പിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇത് കോണ്‍ഗ്രസിനുള്ള സുവര്‍ണ്ണാവസരമെന്നും കഴിവും ജനവിശ്വാസവും ഉള്ളവരായിരിക്കണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: K Sudhakaran criticize Pathanamthitta Congress