വിഴിഞ്ഞം പദ്ധതിയില്‍ പ്രകടമായത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തി: മുഖ്യമന്ത്രി

ലോക സമുദ്ര വ്യാപാര മേഖലയില്‍ കേരളം എന്ന പേര് തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ പ്രകടമായത് സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞമെന്ന വന്‍കിട പദ്ധതി മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം ഏത് കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കുമെന്നും കഴിഞ്ഞ ദിവസം താന്‍ പോയി കണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ലോക സമുദ്ര വ്യാപാര മേഖലയില്‍ കേരളം എന്ന പേര് തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കും. 2034 മുതല്‍ സര്‍ക്കാരിന് വരുമാനം കിട്ടി തുടങ്ങും. പുതിയ കരാര്‍ ഉണ്ടാക്കിയതുകൊണ്ട് വലിയ നേട്ടം ഉണ്ടായി. വിഴിഞ്ഞം മള്‍ട്ടി മോഡല്‍ ഹബ് ആണ്. തുറമുഖത്തെ റെയില്‍പാതയുമായി ബന്ധിപ്പിക്കും. കേരളത്തില്‍ വലിയ വ്യാവസായിക വളര്‍ച്ച ഉണ്ടാകും', മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം പദ്ധതിയില്‍ 61. 83 ശതമാനം തുക സംസ്ഥാനമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഭൂമി കടല്‍ നികത്തി എടുത്തെന്നും എല്ലാ കേന്ദ്ര അനുമതികളും കിട്ടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. റെയില്‍വേ കണക്റ്റിവിറ്റി കൊങ്കണ്‍ പ്ലാന്‍ തയ്യാറാക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി പല പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ മത്സ്യബന്ധന തുറമുഖം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. ഈ മാസം 21ന് വാര്‍ഷികാഘോഷം തുടങ്ങിയെന്നും വലിയ ജനപങ്കാളിത്തമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ ഏറ്റെടുത്തെന്നും ഒരു കൂട്ടര്‍ ബഹിഷ്‌കരിച്ചെന്നും പ്രതിപക്ഷത്തെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും പ്രകടന പത്രിക ഓരോന്നായി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. തീവ്രവാദത്തിന് തക്കതായ മറുപടി കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഇനി ഒരു പഹല്‍ഗാം ആവര്‍ത്തിക്കരുതെന്നും ആഹ്വാനം ചെയ്തു. രാജ്യത്തിന് എതിരെ നടന്ന ആക്രമണമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മനുഷ്യരാണ് രാജ്യത്തുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: CM Pinarayi Vijayan on Vizhinjam Project

dot image
To advertise here,contact us
dot image