
കൊച്ചി: പുലിപ്പല്ല്, കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരായ സർക്കാർ നടപടികളെ എതിർത്ത് ഇടതുസാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. സുനില്‍ പി ഇളയിടം, അശോകന്‍ ചെരുവില്‍, കെ സച്ചിദാനന്ദന്‍ തുടങ്ങിയവരാണ് വേടന് പിന്തുണയുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. വേടന്റെ അറസ്റ്റിന് പിന്നാലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പിന്തുണയുമായെത്തിയത്.
കുഞ്ഞുണ്ണി മാഷിന്റെ കവിത ഓര്‍മിപ്പിച്ച് കൊണ്ടാണ് അശോകന്‍ ചെരുവിലിന്റെ വേടനെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റ് ആരംഭിക്കുന്നത്. താമസിച്ചിരുന്ന മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തതിന്റെ വെളിച്ചത്തില്‍ വേടന്‍ നിയമനടപടി നേരിടുക തന്നെ വേണമെന്നും എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ സാംസ്‌കാരികമായി വേട്ടയാടുന്നത് ദുരുദ്ദേശപരമാണെന്നും അശോകന്‍ ചരുവില്‍ പ്രതികരിച്ചു.
'കണ്ടെടുത്ത ആറ് ഗ്രാം കഞ്ചാവിനെ മുന്‍നിര്‍ത്തി ഒരു ബദല്‍പക്ഷ കലാകാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തെ വിലയിരുത്താന്‍ ഒരുപക്ഷേ ശിക്ഷാനിയമത്തിന് കഴിഞ്ഞു എന്നു വരില്ല. പക്ഷേ മാനവികതയെ ആഗ്രഹിക്കുന്ന സമൂഹത്തിന് അതിനുള്ള ബാധ്യതയുണ്ട്. എന്തുകൊണ്ടാണ് പൊതുവെ എഴുത്തുകാരും കലാകാരന്മാരും ലഹരിക്ക് അടിപ്പെടുന്നത്? മാനവരാശിയുടെ ആത്മവേദനകള്‍ കാളകൂടം പോലെ ഏറ്റുവാങ്ങുന്നവരുടെ ജീവിതാവസ്ഥയെ വിവരിക്കാന്‍ ഒരു എഫ്ബി പോസ്റ്റിനെന്നല്ല, മഹാഗ്രന്ഥത്തിനും സാധിക്കും എന്നു തോന്നുന്നില്ല', അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അധികാരമായിരിക്കുകയും കേരളത്തിലെ അരാഷ്ട്രീയ മധ്യവര്‍ഗ്ഗമനസ്സാക്ഷിയിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന നവബ്രാഹ്‌മണിസത്തെ, അരങ്ങില്‍ തന്റെ മൗലികമായ കലാവിഷ്‌കാരത്തിലൂടെ പ്രതിരോധിക്കുന്ന ഒരു കലാകാരന്‍ അനുഭവിക്കുന്ന മന:സംഘര്‍ഷങ്ങള്‍ നാം തിരിച്ചറിയേണ്ടതുണ്ടെന്ന് അശോകന്‍ ചെരുവില്‍ പറയുന്നു. ഫ്യൂഡലിസത്തെ പരിക്കേല്‍പ്പിക്കാന്‍ നമ്മുടെ നവോത്ഥാനം മുതല്‍ ഉത്തരാധുനിക സാഹിത്യപ്രസ്ഥാനങ്ങള്‍ക്ക് വരെ കഴിഞ്ഞിട്ടില്ല. സാംസ്‌കാരികമായി വേട്ടയാടപ്പെടുന്ന ജനതക്ക് തങ്ങളെ ആവിഷ്‌കരിക്കാന്‍ ഇന്ന് പൊതുവേദികളില്ലെന്നും അത്തരമൊരു വേദി സ്വയം സൃഷ്ടിച്ച് പാടുന്ന മഹാഗായകനെ ആറുഗ്രാം കഞ്ചാവിന്റെ പേരില്‍ കലയില്‍ നിന്ന് പുറംതള്ളാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നും അശോകന്‍ ചെരുവില്‍ പറയുന്നു.
പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് വേടന് ജാമ്യം ലഭിക്കുന്നതിന് മുമ്പ് പങ്ക് വെച്ച പോസ്റ്റില്‍ സുനില്‍ പി ഇളയിടം അഭിപ്രായപ്പെട്ടു. സാങ്കേതികമായി ഇക്കാര്യത്തില്‍ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
'പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലീനമായ സവര്‍ണ്ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കല. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊര്‍ജ്ജം പകര്‍ന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി', സുനില്‍ പി ഇളയിടം പറഞ്ഞു.
ആരാണ് ശരിയായ വേടന്‍ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ സച്ചിദാനന്ദന്‍ ചോദിച്ചത്. 'ആരാണ് ശരിയായ വേടന്‍? പാടുന്നവന്‍, അഥവാ പിന്നാലെ അമ്പും തുടലുമായി ഓടുന്നവന്‍? നിയമം എത്ര തരം? വര്‍ഗ്ഗവും ജാതിയും അതിന്റെ നടത്തിപ്പില്‍ എത്രത്തോളം?' സച്ചിദാനന്ദന്‍ ചോദിക്കുന്നു.
നിലവില്‍ പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.
Content Highlights: Sunil P Elayidam Satchidanandan and Asokan Cheruvil support Rapper Vedan