

തിരുവനന്തപുരം: സമസ്തയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത സംഘടനയാണ് സമസ്തയെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയത എന്നതുപോലെ തന്നെ അപകടമാണ് ന്യൂനപക്ഷ വര്‍ഗീയതയെന്നും ന്യൂനപക്ഷ വര്‍ഗീയത പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്നും വളരെ വ്യക്തമായി പറഞ്ഞ പ്രസ്ഥാനം കൂടിയാണ് സമസ്തയെന്നും കെ മുരളീധരന്‍ പറഞ്ഞു. ആത്മീയ വിദ്യാഭ്യാസത്തിനൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കാന്‍ സമസ്ത പരിശ്രമിച്ചെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സന്ദേശ യാത്രയുടെ തിരുവനന്തപുരത്തെ സ്വീകരണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഇന്നത്തെ കാലഘട്ടം ഭയാശങ്ക ഉണ്ടാക്കുന്നതാണെന്നും കെ മുരളീധരന്‍ പറഞ്ഞു. രാജ്യത്തിന്റെ മതേതര സ്വഭാവം ഇല്ലാതാക്കുന്ന പ്രവണതകളാണ് കണ്ടുവരുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി. അതിന്റെ ഭാരം സംസ്ഥാനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലുള്ള നിയമം കൊണ്ടുവന്നു. ഇന്നലെ വരെ നെഹ്‌റുവിനെ മാത്രം തമസ്‌കരിക്കുകയും ഗാന്ധിജിയെ ഉള്‍ക്കൊള്ളുകയും ചെയ്തവര്‍ ഇപ്പോള്‍ തനി സ്വരൂപം കാണിച്ച് മുന്നോട്ടുവന്നിരിക്കുകയാണ്. ഇന്ത്യയുടെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു ബൃഹത്തായ പദ്ധതിയാണ് ഒരു നിയമത്തിലൂടെ കേന്ദ്രം അട്ടിമറിച്ചത്. പുതിയ നിയമം വരുന്നകോടെ സംസ്ഥാനങ്ങള്‍ക്ക് 1,600 കോടിയുടെ അധിക ബാധ്യത വരും. സംസ്ഥാനത്തിന്റെ വികസനത്തിന് ചെലവഴിക്കേണ്ടിവരുന്ന പണമാണ് ഇതിന് വേണ്ടി മാറ്റിവെയ്‌ക്കേണ്ടി വരുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടും മുരളീധരന്‍ കേന്ദ്രത്തെ വിമര്‍ശിച്ചു. മുന്‍പായിരുന്നെങ്കില്‍ വോട്ട് ചെയ്യാന്‍ മാത്രമായിരുന്നു വോട്ടര്‍ പട്ടിക എങ്കില്‍ ഇപ്പോള്‍ അതിന് മാറ്റം വരികയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ വോട്ടവകാശം മാത്രമല്ല നഷ്ടപ്പെടുകയെന്നും ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമടക്കം നഷ്ടപ്പെടാമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒരുപരിധി കഴിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം. അതുകൊണ്ടുതന്നെ എല്ലാവരും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ചിലയിടങ്ങളില്‍ വോട്ടര്‍ പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ വീട് അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. അങ്ങനെയുള്ളവരുടെ പോലും പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന സാഹചര്യമുണ്ട്. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ നോക്കുമ്പോള്‍ എല്ലാ മതേതര സംഘടനകളും ഒരുമിച്ച് നിന്ന് പോരാടണം. ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത ശതാബ്ദി സന്ദേശ യാത്ര നടത്തുമ്പോള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമുള്ള യാത്രയായി വേണം അതിനെ നോക്കിക്കാണാന്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അത് ഊട്ടിയുറപ്പിക്കുന്നുവെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- K Muraleedharan support to samastha and jifri muthukkoya thangal